ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ കഴിയാതെ വന്ന പെൺകുട്ടിയുടെ കരയുന്ന വിഡിയോ പങ്കിട്ട് വരുൺ ഗാന്ധി എംപി. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. സ്കൂൾ ഫീസ് അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടിയെ അധ്യാപകർ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയത്. കരഞ്ഞു പറഞ്ഞിട്ടും അധികൃതർ വഴങ്ങിയില്ല. നിറകണ്ണുകളോടെ അവൾ സങ്കടം പറയുന്ന ദൃശ്യങ്ങളാണ് വരുൺ പങ്കുവച്ചിരിക്കുന്നത്.
എന്തിനാണ് പുറത്തു നിൽക്കുന്നതെന്ന് ചോദിയ്ക്കുമ്പോള്‍ ഫീസ് അടയ്ക്കാതിനാലാണെന്ന് കരച്ചിലോടെ മറുപടി പറയുന്നതും വിഡിയോയിൽ കാണാം. ‘ഫീസ് നൽകാത്തതിന്റെ പേരിൽ അപമാനം ഏൽക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ വേദനയാണ് ഈ മകളുടെ കണ്ണീർ കാണിക്കുന്നത്. സാമ്പത്തിക പരാധീനതകൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമാകാതിരിക്കാൻ എല്ലാ ജില്ലയിലെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ധാർമിക ഉത്തരവാദിത്തമാണ്. സ്വകാര്യ സ്ഥാപനങ്ങൾ മനുഷ്യത്വം മറക്കരുത്, വിദ്യാഭ്യാസം ഒരു കച്ചവടമല്ല’. വരുൺ കുറിച്ചു.