ഗുജറാത്തിലെ അംറേലിയില്‍ രണ്ട് ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് അയോഗ്യത. മൂന്ന് കുട്ടികളുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിജെപി കൗണ്‍സിലര്‍മാരായ ഖിമ കസോതിയ, മേഘ്ന ബോഖെ എന്നിവര്‍ അയോഗ്യരായത്. ഗുജറാത്ത് മുന്‍സിപ്പാലിറ്റി ആക്റ്റ് പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് മെമ്പറോ കൗണ്‍സിലറോ ആവാനുള്ള യോഗ്യത ഇല്ല.
അംറേലി ജില്ലാ കളക്ടര്‍ ഇതുസംബന്ധിച്ച ഇത്തരവ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. രണ്ട് പേര് അയോഗ്യരായെങ്കിലും ബിജെപി ഭരണത്തെ അത് ബാധിക്കില്ല.
2021 ഡാംനഗര് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ കൊസാതിയയും ബോഖെയും രണ്ട് കുട്ടികളുടെ ജനനസര്ട്ടിഫിക്കറ്റുകളായിരുന്നു ഹാജരാക്കിയിരുന്നത്. 2023 മെയ് 10ന് കൊസാതിയക്കും മാര്‍ച്ച് 14ന് ബോഖെക്കും മൂന്നാമത്തെ കുട്ടികള്‍ ജനിച്ചു. പുതുതായി നല്കിയ ആപ്ലിക്കേഷനില്‍ ഈ വിവരം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരേയും അയോഗ്യരായി പ്രഖ്യാപിച്ചത്.
അതേസമയം കളക്ടറുടെ ഉത്തരവിനെതിരെ കൊസാതിയയും ബോഖെയും രംഗത്തുവന്നു. തിരഞ്ഞെടുപ്പിന് ശേഷമാണ് തങ്ങള്‍ക്ക് മൂന്നാമത്തെ കുട്ടി ലഭിച്ചതെന്നും അതിനാല്‍ തങ്ങള്‍ അയോഗ്യരല്ലെന്നുമാണ് ഇരുവരും വാദിച്ചത്. ജനസംഖ്യ വര്‍ധനവിന് നിയന്ത്രണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുജറാത്ത് മുന്‍സിപ്പല്‍ ആക്റ്റില്‍ രണ്ട് കുട്ടികള്‍ എന്ന പോളിസി ചേര്‍ത്ത് 2005ല്‍ ഭേദഗതി ചെയ്തത്. മാതൃകപരമായി നയിക്കേണ്ടവരെന്ന നിലയില്‍ ജനപ്രതിനിധികളില്‍ നിന്നുമാണ് ഇത് തുടങ്ങിയത്.
Two BJP councilors disqualified from Gujarat