അലിൻഡിന്റെ ഭൂരിപക്ഷം ഓഹരികള്‍ വിജയ്ഭാൻ ഇന്‍വെസ്റ്റ്മെന്റിന് കൈമാറിയത് ബി.ഐ.എഫ്.ആർ ചട്ടങ്ങളുടെ ലംഘനമെന്ന് നിയമസെക്രട്ടറി. അലിൻഡുമായി ബന്ധപ്പെട്ട വ്യവസായവകുപ്പിന്റെ ഫയലിലെ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുണ്ടറയിലെ കണ്ടക്ടർ യൂണിറ്റും സ്റ്റീൽ പ്ലാന്റ് യൂണിറ്റും പ്രവർത്തനക്ഷമമല്ലെന്ന ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് റിപ്പോർട്ടിന്റെ വിശദാംശങ്ങളും അടങ്ങിയ വ്യവസായവകുപ്പിന്റെ 'അലിൻഡ് ഫയൽ' മനോരമ ന്യൂസ് പുറത്തുവിട്ടു.
അലിൻഡിന്റെ പ്രൊമോട്ടർമാർ 68.35 ശതമാനം ഓഹരികൾ വിജയ്ഭാന് കൈമാറിയെന്നും ഇത് ബി.ഐ.എഫ്.ആർ വ്യവസ്ഥകളുടെ ലംഘനമാണെന്നും കാണിച്ച് അലിൻഡ് ഷെയർ ഹോൾഡേഴ്സ് അസോസിയേഷൻ സർക്കാരിന് പരാതി നൽകിയിരുന്ന കാര്യം 2016 ജൂൺ 16ലെ ഫയല്‍ കുറിപ്പിലുണ്ട്. ഈ ഓഹരികൈമാറ്റം ബി.ഐ.എഫ്.ആർ സ്കീമിന്റെ വ്യവസ്ഥകളുടെയും ചട്ടങ്ങളുടെയും ലംഘനമാണെന്ന് നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് ജൂലൈ അഞ്ചിന് ഫയലിൽ എഴുതി. കുണ്ടറയിലെ കണ്ടക്ടർ യൂണിറ്റും സ്റ്റീൽ പ്ലാന്റ് യൂണിറ്റും പ്രവർത്തനക്ഷമല്ലെന്ന് ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഇവിടെയുള്ള യന്ത്രങ്ങൾ കാലഹരണപ്പെട്ടതും വളരെ മോശം അവസ്ഥയിലുള്ളതും ആണ്. ഈ യന്ത്രങ്ങളുടെ പുനരുദ്ധാരണത്തിനായി കരട് പുനരുദ്ധാരണ സ്കീമിൽ ഒരു പദ്ധതിയുമില്ല. സമഗ്രമായ പദ്ധതി തയ്യാറാക്കി നൽകാൻ ആവശ്യപ്പെടണമെന്നും അത് പഠിച്ചതിനുശേഷമേ പാട്ടക്കാലാവധി നീട്ടിനൽകാവൂ എന്നും റിപ്പോർട്ടിലുണ്ട്. പുതുക്കി നൽകിയാൽ തന്നെ 13.41 ഹെക്ടർ സ്ഥലം മാത്രം മതിയാകും കമ്പനിക്ക് പ്രവർത്തിക്കാൻ. ഇ.പി.ജയരാജൻ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങളും ഫയലിലുണ്ട്. ബി.ഐ.എഫ്.ആറിന്റെ 1987 സ്കീം പ്രകാരം അലിൻഡ് സൊമാനി ഗ്രൂപ്പിനെ ഏൽപിച്ചിരുന്നു. അന്ന് പുനരുദ്ധാരണം സാധ്യമായില്ലെന്നും കമ്പനിയുടെ നിയന്ത്രണം സൊമാനിക്ക് ലഭിച്ചെന്നും ഫയലിൽ കുറിച്ചത് വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ആണ്. കമ്പനിക്കുമേൽ നിയന്ത്രണം കിട്ടുന്നവർക്ക് കമ്പനിയുടെ ആസ്തിക്കുമുകളിലും നിയന്ത്രണം കിട്ടുമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
അലിൻഡുമായി ബന്ധപ്പെട്ട ഫയലിൽ ഇത്രയും കൃത്യമായി കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും തീരുമാനം സൊമാനിക്ക് അനുകൂലമാകുന്നതാണ് പിന്നീട് കണ്ടത്.