സംസ്ഥാനത്തെ എടിഎം കൗണ്ടറുകളുടെ സുരക്ഷയില്‍ ആശങ്ക. കവര്‍ച്ചാശ്രമങ്ങള്‍ പെരുകിയിട്ടും ബാങ്കുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പൊലീസ്. ഭൂരിഭാഗം എടിഎം കൗണ്ടറുകളിലും സെക്യൂരിറ്റി ജീവനക്കാരില്ല. നിരീക്ഷണക്യാമറകള്‍ പോലും പ്രവര്‍ത്തിക്കാത്ത എടിഎമ്മുകളും നിരവധിയാണ്.
എ.ടി.എം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ ബാങ്കുകള്‍ മല്‍സരിച്ചു നടപ്പാക്കുകയാണ്. എന്നാല്‍ സുരക്ഷയുറപ്പാക്കുന്ന കാര്യത്തില്‍ വൻവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
നിരീക്ഷണ ക്യാമറകളില്ലാത്ത എടിഎമ്മുകള്‍ നഗരത്തില്‍ നിരവധിയാണ്. കൗണ്ടറിനുള്ളിലും പുറത്തും ക്യാമറകള്‍ സ്ഥാപിക്കണം, ദൃശ്യങ്ങള്‍ ക്യത്യമായ ഇടവേളകളില്‍ പരിശോധിക്കണം, മുഴുവന്‍ സമയവും സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നെല്ലാം ബാങ്കുകള്‍ക്ക് പൊലീസ് നിർദേശങ്ങൾ നൽകിയിരുന്നു.പക്ഷേ എല്ലാം നിർേദശങ്ങളും ജലരേഖയായി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ ഒാഫിസിനു തൊട്ടടുത്തുള്ള എടിഎം കൗണ്ടറിലായിരുന്നു മുമ്പ് കവര്‍ച്ചാശ്രമം നടന്നത്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള പ്രദേശത്ത് കവര്‍ച്ചാശ്രമം ഉണ്ടായാല്‍ ഗ്രാമീണ മേഖലയിലെ എടിഎമ്മുകളുടെ സ്ഥിതി പറയേണ്ടതില്ല.
രാത്രിയായാല്‍ പല എടിഎമ്മുകളുടെയും പരിസരത്ത് ആവശ്യത്തിന് വെളിച്ചമില്ല. അത്യാഹിതത്തില്‍പ്പെടുന്നവരുടെയും മറ്റും ചികില്‍സയ്ക്കായി പണമെടുക്കാന്‍ രാത്രിയില്‍ ഇറങ്ങിയാല്‍ സുരക്ഷ സ്വയം ഉറപ്പാക്കണം. കാവല്‍ക്കാരില്ലാതെ അനാഥമാണ് എടിഎം കൗണ്ടറുകള്‍. മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ എടിഎം കൗണ്ടറിനുള്ളില്‍ ആക്രമിക്കപ്പെട്ടത് ബംഗലൂരുവിലാണ്. ഇടപാടുകാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇനിയെങ്കിലും അധികൃതര്‍ മുന്നോട്ടിറങ്ങിയില്ലെങ്കില്‍ നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമാകില്ല.