എസ്.ബി.ഐ. മാനേജരുടെ മകനും എ.ടി.എം. തട്ടിപ്പിനിരയായി. അക്കൗണ്ടില്‍നിന്ന് ഒറ്റരാത്രി നഷ്ടമായത് എണ്‍പതിനായിരംരൂപ. മനോരമ ന്യൂസ് ടോപ് റിപ്പോര്‍ട്ടറില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തതിനു സമാനരീതിയിലാണ് ഈ തട്ടിപ്പും. എസ്.ബി.ഐ. എ.ടി.എം. തട്ടിപ്പ് വ്യാപകമായതോടെ അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ബാങ്കിന്‍റെ സെര്‍വറില്‍നിന്ന് ചോര്‍ന്നിട്ടുണ്ടോയെന്ന സംശയം ശക്തമായി.
കേരളത്തിലെ എസ്.ബി.ഐ. ആസ്ഥാനത്ത് മാനേജരായ സാഗര്‍ ശ്രീനിവാസന്‍റെ മകന്‍റെ അക്കൗണ്ടില്‍നിന്നാണ് 79,300രൂപ സൈബര്‍ കള്ളന്‍മാര്‍ അടിച്ചുമാറ്റിയത്. ഈ മാസം ആദ്യം തട്ടിപ്പിനിരയായവര്‍ക്ക് ലഭിച്ച അതേ മറുപടി തന്നെ സാഗറിന്‍റെ മകന്‍ സൗരവിനും ലഭിച്ചു. പണം പിന്‍വലിക്കപ്പെട്ടത് ഡല്‍ഹി പിതംപുരയിലെ എ.ടി.എമ്മില്‍നിന്നാണ്.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദം നേടി ഡല്‍ഹിയിലെ ഒബ്റോയ് ഹോട്ടലില്‍ രണ്ടുമാസം മുന്‍പാണ് സൗരവ് ജോലിയില്‍ പ്രവേശിച്ചത്. പിതംപുരയിലെ എ.ടി.എം ഒരിക്കലും ഉപയോഗിച്ചിട്ടില്ല. എ.ടി.എം. കാര്‍ഡ് തന്‍റെ കയ്യില്‍ സുരക്ഷിതമായി ഉള്ളപ്പോള്‍ എങ്ങനെയാണ് പണം നഷ്ടപ്പെടുന്നതെന്ന് ചോദിക്കുകയാണ് സൗരവും ബന്ധുക്കളും.
വിവിധ സംസ്ഥാനങ്ങളിലെ എസ്.ബി.ഐ. ശാഖകളില്‍ അക്കൗണ്ടുള്ളവര്‍ക്കാണ് പുതിയ രീതിയിലുള്ള എ.ടി.എം. തട്ടിപ്പിലൂടെ പണം നഷ്ടമായിരിക്കുന്നത്. ഈ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ എസ്.ബി.ഐയുടെ പക്കല്‍നിന്ന് ചോര്‍ന്നതാണോ? ഇതു കണ്ടെത്താന്‍ സമഗ്ര അന്വേഷണം അനിവാര്യമാണ്. സമാനതട്ടിപ്പിലൂടെ ഇനിയും ആളുകള്‍ക്ക് പണം നഷ്ടപ്പെട്ടുകൂടാ. അതിനുള്ള നടപടികള്‍ എസ്.ബി.ഐ. സ്വീകരിക്കണം.