കേരളത്തിൽ തുലാവർഷം സജീവം. മധ്യകേരളത്തിലാണ് കനത്തമഴ കിട്ടുന്നത്. വരുന്ന മൂന്നുദിവസം കൂടി വ്യാപകമായി മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എറണാകുളം , കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മഴകനത്തത്. 15 സെന്റിമീറ്റർമഴയാണ് കൊച്ചിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് കണ്ണൂരിൽ 10 സെന്റിമീറ്ററും വൈക്കത്ത് ആറ് സെന്റിമീറ്ററും മഴപെയ്തു. മിക്കവാറും എല്ലാ ജില്ലകളിലും നല്ല മഴ കിട്ടിതുടങ്ങി. സാധാരണ ഒക്ടോബർ മധ്യത്തോടെ എത്തേണ്ട കിഴക്ക് പടിഞ്ഞാറൻകാലവർഷം ഇത്തവണ ഒക്ടോബർ അവസാന ആഴ്ചയിലാണ് എത്തിയത്. അതേസമയം കാലവര്‍ഷം ഒക്ടോബർ മധ്യം വരെ നീളുകയും ചെയ്തു. സാമാന്യം നല്ലതോതിൽ കാലവർഷം ലഭിച്ചു.അതുപോലെ തുലാവർഷവും കിട്ടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. സാധാരണ തൃശ്ശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ് തുലാവർഷം ശക്തമായി കിട്ടുക. ഇടി മിന്നലോടുകൂടി ഉച്ചക്ക് ശേഷം പെയ്യുന്ന മഴയാണ് തുലാവർഷത്തിന്റെ പ്രത്യേകത. കഴിഞ്ഞ വർഷം 61 ശതമാനത്തിന്റെ കുറവാണ് തുലാവർഷമഴയിൽ ഉണ്ടായത്.