മഴ ശക്തമായി പ്രകൃതി ദുരന്തസാധ്യതകൾ വർധിച്ചതോടെ ഇടുക്കി ജില്ലാഭരണകൂടം മുൻകരുതൽ
നടപടികൾ തുടങ്ങി. മണ്ണിടിച്ചിൽ ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെ രാത്രികാലയാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം.
തുലാവർഷത്തെ അനുസ്മരിപ്പിക്കും വിധമാണ് ഇടുക്കിയിൽ മഴ തിമിർത്ത് പെയ്യുന്നത്. ഉച്ചയോടെ ഇരുണ്ടുകൂടുന്ന കാർമേഘങ്ങൾ അർധരാത്രിവരെ നിലയ്ക്കാതെ പെയ്യും. ജലനിരപ്പ് ഉയർന്ന് പുഴകൾ നിറഞ്ഞുകവിഞ്ഞു. വെള്ളച്ചാട്ടങ്ങളും സജീവമായി. ഹൈറേഞ്ച് ലോറേഞ്ച് വ്യത്യാസമില്ലാതെ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. പ്രകൃതി ദുരന്തസാധ്യതകൾ വർധിച്ചതോടെയാണ് ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകിയത്. മൂന്നാറിലേക്കുള്ള കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉരുൾപ്പൊട്ടൽ സാധ്യത ഏറെയാണ്. ദീപാവലി അവധി പ്രമാണിച്ച് നിരവധി സഞ്ചാരികളും ജില്ലയിലെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാത്രികാല യാത്രകൾ ഒഴിവാക്കണമെന്ന നിർദേശം. വൻമരങ്ങൾക്ക് കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം. മഴ ശക്തമാകുന്ന മുറയ്ക്ക് കൺട്രോൾ റൂമുകൾ തുറക്കാനാണ് തീരുമാനം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയും ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. അപകടാവസ്ഥയിലായ വീടുകളിൽ നിന്ന് താമസക്കാരെ മാറ്റിപാർപ്പിക്കാനും തീരുമാനമായി. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ വ്യാപകമായി കൃഷി നശിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജലനിരപ്പ് ഉയരുന്നതിനാൽ ജില്ലയിലെ അണക്കെട്ടുകളുടെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കാനിടയുണ്ട്. തീരവാസികളും ജാഗ്രതപാലിക്കണം.