cochin-devaswom-board

തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ കൊച്ചിൻ ദേവസ്വം ബോർഡിന്റെയും കാലാവധി രണ്ട് വർഷമാക്കി കുറച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനത്തിന് ഗവർണർ അനുമതി നൽകിയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു. പത്ത് വർഷം മുൻപ് എൽഡിഎഫ് സർക്കാരെടുത്ത തീരുമാനം പുന്സ്ഥാപിക്കുന്നതിനൊപ്പം ബോർ‍‍ഡിന്റെ കാര്യക്ഷമത കൂട്ടുന്നതിനുമാണ് കാലാവധി ചുരുക്കിയതെന്നാണ് സർക്കാർ നിലപാട്. 

കൊച്ചിൻ ദേവസ്വം ബോർഡിന് മാത്രമാണ് നിലവിൽ മൂന്ന് വർഷത്തെ കാലാവധിയുള്ളത്. ഇത് രണ്ട് വർഷമാക്കി സർക്കാർ ചുരുക്കിയതോടെ ഡോ.എം.കെ.സുദർശൻ പ്രസിഡന്റായ ഭരണസമിതി 2018 നവംബറിൽ സ്ഥാനമൊഴിയും. നാല് വർഷമായിരുന്ന ദേവസ്വം ബോർഡിന്റെ കാലാവധി 2007 ൽ എൽഡിഎഫ് സർക്കാരാണ് രണ്ട് വർഷമാക്കി ചുരുക്കിയത്. 2014 ൽ യുഡിഎഫ് മൂന്ന് വർഷമാക്കി ഉയർത്തി. രണ്ട് വർഷമെന്നത് പുനസ്ഥാപിക്കുക മാത്രമാണ് ഇടത് സർക്കാർ ചെയ്തത്. ഇത് ഗവർണർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ മന്ത്രിസഭായോഗമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി ഒരു വർഷം കുറച്ച്. രാഷ്ട്രീയ പകപോക്കലെന്ന വിമർശനം ഉയരുമ്പോഴാണ് ഇടത് സർക്കാരിന്റെ കാലത്ത് നിലവിൽ വന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെയും കാലാവധി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം.