തിരുവനന്തപുരം മാരായമുട്ടത്ത് അപകടത്തിന് കാരണമായ അനധികൃത പാറമടയുടെ പ്രവർത്തനത്തിന് പഞ്ചായത്തും രാഷ്ട്രീയ നേതൃത്വവും ഒത്താശ ചെയ്തു. എട്ട് മാസത്തോളം ലൈസൻസില്ലാതെ പ്രവർത്തിച്ചിട്ടും തടയാൻ നടപടിയെടുത്തില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച പാറമടകളിൽ അഞ്ച് വർഷത്തിനിടെ പതിമൂന്ന് പേർ അപകടത്തിൽ മരിച്ചതായും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
കുന്നത്തുകാൽ പഞ്ചായത്തിലെ കോട്ടയ്ക്കലിൽ അപകടമുണ്ടാക്കിയ പാറമട കൂടാതെ മൂന്ന് ക്വാറികളും മൂന്ന് ക്രഷർ യൂണിറ്റുകളുമുണ്ട്. ഇവയ്ക്കൊന്നും മാർച്ചിന് ശേഷം പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. എന്നാൽ അതിന് ശേഷം, ഇന്നലെ അപകടമുണ്ടാകുന്ന നിമിഷം വരെ യാതൊരു തടസവും കൂടാതെ പ്രവർത്തിക്കുകയും ചെയ്തു. സ്റ്റോപ് മെമ്മോ നൽകിയ പഞ്ചായത്ത് പോലും കൺമുന്നിൽ നടന്ന നിയമലംഘനം തടഞ്ഞില്ല.
മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ ലൈസൻസും പാറമടക്കില്ലെന്ന് മാസങ്ങൾക്ക് മുൻപേ കണ്ടെത്തിയിരുന്നു. ഇക്കാര്യം നാട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വം പാറമടയ്ക്ക് പൂർണ പിന്തുണ നൽകിയെന്നും ആക്ഷേപമുണ്ട്.
സുരക്ഷാ വീഴ്ചകൊണ്ട് പാറമടകളിലുണ്ടാകുന്ന അപകടങ്ങൾ പണം കൊടുത്ത് ഒതുക്കുന്നതും പരാതി പറയുന്നവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും നാട്ടുകാർ പറയുന്നു. രണ്ട് ജീവനുകൾ നഷ്ടമായിട്ടും മറ്റ് പാറമടകൾക്കെതിര ഒരു നടപടിയും ഇനിയുമുണ്ടായിട്ടില്ല.