kannur-university

 

കണ്ണൂർ സർവകലാശാലയുടെ മൂല്യനിർണയ ക്യാംപുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നത് പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. മൂല്യനിർണ ക്യാംപിലെ വീഴ്ച മനോരമ ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. മൂല്യനിർണയം നടത്താത്ത ഉത്തരക്കടലാസ് പുറത്തായ സംഭവത്തിൽ വിദ്യാർഥിക്ക് ഫീസില്ലാതെ പരീക്ഷയെഴുതാനും സൗകര്യമൊരുക്കും. സർവകലാശാലയുടെ ഔദ്യോഗിക രേഖകൾ ജീവനക്കാർ മാധ്യമങ്ങൾക്ക് ചോർത്തിയ നൽകിയതിൽ റജിസ്ട്രാർക്ക് ജാഗ്രത കുറവുണ്ടായെന്ന് കണ്ടെത്തി താക്കീത് ചെയ്യാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. 

 

ഡോ.ജോൺ ജോസഫ് കൺവീനറും ഡോ.വി.പി.പി.മുസ്തഫയും എ. നിശാന്തും അംഗങ്ങളുമായാണ് മൂല്യനിർണയ ക്യാംപുകളെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചിരിക്കുന്നത്. സെമസ്റ്റർ പരീക്ഷയ്ക്ക് ശേഷം ഒരു മാസത്തെ അവധി നൽകി മൂല്യനിർണയം പൂർത്തികരിക്കാനുള്ള സാധ്യത സമിതി പരിശോധിക്കും. ക്യാംപ് വാല്യുവേഷൻ അട്ടിമറിച്ച് ഉത്തരക്കടലാസുകൾ പുറത്തേക്ക് കൊണ്ടുപോകുന്നത് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് പ്രത്യേക സമിതിയെ നിയോഗിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.

 

മൂല്യനിർണയം നടത്താത്ത ഉത്തരക്കടലാസ് കെഎസ് യു ഓഫിസിൽ തപാൽ മാർഗം എത്തിയ സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. ഉത്തരക്കടലാസ് നഷ്ടപ്പെട്ട മാനന്തവാടി ഗവൺമെന്റ് കോളജിലെ വിദ്യാർഥിയായിരുന്ന ടോം കെ.ഷാജിക്ക് ഫീസ് അടയ്ക്കാതെ വീണ്ടും പരീക്ഷയെഴുതാം. ഔദ്യോഗിക രേഖകൾ മാധ്യമങ്ങൾക്ക് ലഭിച്ചതിൽ റജിസ്ട്രാർ ഡോ.ബാലചന്ദൻ കീഴോത്തിനെ താക്കീത് ചെയ്യാനും സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. റജിസ്ട്രാറുടെ ഓഫിസിലെ നാല് ജീവനക്കാരുടെ ഇൻക്രിമെന്റും തടഞ്ഞ് വെയ്ക്കും.