bull-bar

 

ബുള്‍ബാര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ അപകടങ്ങളുടെ അഘാതം ഇരട്ടിയാക്കുമെന്ന് പഠനം. അപകടങ്ങളുടെ ആഘാതം കുറയ്ക്കാന്‍ ഗവേഷണത്തിലൂടെ തയ്യാറാക്കിയ വാഹന രൂപകല്‍പനയെ ബുള്‍ബാര്‍ അട്ടിമറിക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

 

ബുള്‍ബാര്‍ കൊണ്ട് ഇടിയുടെ ആഘാതം കുറയുമോ. അല്‍പം ആലോചനയില്‍ നിന്ന് ഈ വാദം തെറ്റെന്ന് തെളിയും. 70 കിലോമീറ്ററില്‍ താഴെ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനമിടിച്ചാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടരുതെന്ന് ചിന്തിച്ചാണ് മിക്ക വാഹനങ്ങളുടെയും രൂപകല്‍പന. ഒട്ടേറെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷം നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന വാഹനങ്ങളുടെ എല്ലാ സുരക്ഷമാനദണ്ഡങ്ങളെയും തകർത്താണ് എക്സ്ട്രാഫിറ്റിങ് എന്ന രീതിയില്‍ ബുള്‍ബാര്‍വയ്ക്കുന്നത്. 

 

അവിടെയും തീര്‍ന്നില്ല. ബുള്‍ബാര്‍ വാഹത്തിനുള്ളിലുള്ളവര്‍ക്കും സുരക്ഷിതമല്ല. ഇടിച്ചാല്‍ ആ ആഘാതമറിഞ്ഞ് എയര്‍ ബാഗ് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് വാഹനങ്ങളുടെ രൂപകല്‍പന. ഒപ്പം ഫ്യുവല്‍ കട്ട് ഒാഫ് സ്വച്ച് പ്രവര്‍ത്തിച്ച് ഇന്ധനപ്രവാഹം നിലയ്ക്കുകയും വേണം. ഇടിയുടെ ആഘാതം അതേപടി വാഹനത്തിലെത്തിയില്ലെങ്കില്‍ ഇത് രണ്ടും നടക്കില്ല. സെന്‍സറുകള്‍ പ്രവർത്തിക്കുകയുമില്ല. അതിന്റെ ഫലം വാഹനത്തിനുള്ളിലുള്ളവര്‍ അനുഭവിക്കുകയും ചെയ്യും. 

 

സുരക്ഷയ്ക്കൊപ്പം അല്‍പമൊരഡംബരത്തിനുമായി ഘടിപ്പിക്കുന്ന ബുള്‍ബാര്‍ ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ തുളച്ചു കയറി എഞ്ചിനടക്കം നശിച്ച സംഭവങ്ങളും കുറവല്ല. മോട്ടോര്‍വാഹനവകുപ്പിന്റെ അനുമതിയില്ലാതെ വാഹനങ്ങളുടെ രൂപകല്‍പനയില്‍ മാറ്റം വരുത്തരുതെന്ന നിയമവും കാറ്റില്‍ പറത്തിയാണ് ബുള്‍ബാറുകള്‍ വ്യാപകമാകുന്നത്.