തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ കേഡല്‍ ജീന്‍സണ്‍ രാജയുടെ നില ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങിയ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച കേഡലിന്റെ ജീവന്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. കേഡലിന് വിദഗ്ധ ചികില്‍സ ഉറപ്പു വരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.
കേഡല്‍ ജീന്‍സണ്‍ രാജയുടെ ആരോഗ്യനില അതീവ ഗരുതരമായി തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നില്ല. മെഡിസിന്‍ വകുപ്പ് മേധാവി ഡോ രവികുമാര്‍ കുറുപ്പിന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തി.
വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. മാതാപിതാക്കളും സഹോദരിയും ഉററബന്ധുവുമടക്കം നാലുപേരെ വെട്ടിക്കൊലപ്പെടുത്തി ചുട്ടെരിച്ച കേസില്‍ വിചാരണ കാത്തു കഴിയുകയായിരുന്നു കേഡല്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കു പാര്‍പ്പിച്ചിരുന്ന ഇയാളെ ഇന്നലെ പുലര്‍ച്ചെയാണ് വായില്‍ നിന്ന് നുരയും പതയും വന്ന് അവശനിലയില്‍ കണ്ടെത്തിയത്.
അപസ്മാര ബാധയേത്തുടര്‍ന്ന് ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയതാണ് അപകടകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് സമൂഹമനസാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകം കേഡല്‍ നടത്തിയത്. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് കൊലനടത്തിയതെന്ന് ആദ്യം പറഞ്ഞ കേഡല്‍ കുടുംബപ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് പിന്നീട് മൊഴിമാറ്റി. മാനസിക നില തകരാറിലാണെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. മാനസിക ആരോഗ്യകേന്ദ്രത്തിലെ ചികിത്സക്ക് ശേഷം വിചാരണ കാത്ത് കഴിയുന്നതിനിടെയിലാണ് ആശുപത്രിയിലാകുന്നത്.