കൊല്ലം റയില്‍വേ മേല്‍പാലത്തിന്‍റെ അറ്റകുറ്റപ്പണി വിവാദത്തില്‍. ടാറിങ്ങിനെന്ന പേരില്‍ ഒരുമാസമായി പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്നത് ബലക്ഷയം കാരണമാണെന്നാണ് ആക്ഷേപം. കോണ്‍ക്രീറ്റ് സ്ലാബുകള്‍ ബന്ധിപ്പിക്കുന്ന എക്സ്പാന്‍ഷന്‍ ലാറ്റിങ് ഉള്‍പ്പടെ മാറ്റി സ്ഥാപിച്ചിട്ടും, നടക്കുന്നത് ടാറിങ് മാത്രമാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിശദീകരണം
2014 ജനുവരി 20ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത പാലം ചുരുങ്ങിയ കാലത്തിനുളളില്‍ വീണ്ടും അറ്റകുറ്റപണി നടത്തുകയാണ്. ടാറിങ്ങിനായി മാത്രമായി പാലം അടച്ചിടുന്നു എന്നാണ് പൊതുമാരമത്ത് വകുപ്പ് അറിയിച്ചതെങ്കിലും ഒരു മാസം നീണ്ടു നില്‍ക്കുന്ന അറ്റകുറ്റപണിയാണ് പാലത്തില്‍ നടക്കുന്നത്. പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ബന്ധിപ്പിക്കുന്ന എക്സ്പാന്‍ഷന്‍ ലാറ്റിങ് ഉള്‍പ്പടെ മാറ്റി സ്ഥാപിക്കുന്നത്. ഇവിടെ കാണാന്‍ കഴിയും.. 40 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിയാണ് നടക്കുന്നത്.പാലത്തിന് ഏത് തരത്തിലുള്ള നിര്‍മാണങ്ങളാണ് നടക്കുന്നതെന്ന് നഗരത്തിലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് പോലും വ്യക്തമല്ല.
പാലത്തിന്റ നിര്‍മാണ സമയത്ത് തന്നെ പണിയുടെ നിലവാരത്തേപ്പറ്റി ആക്ഷേപം ഉയര്‍ന്നിരുന്നു. ടാറിങ് മാത്രമെങ്കില്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് തീര്‍ക്കാമെന്നിരിക്കെ ഒരു മാസത്തേക്ക് പാലം അടച്ചിട്ടത് ഗുരുതരമായ പ്രശ്നങ്ങള്‍ കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ പാലത്തിന് ബലക്ഷയമോ നിര്‍മാണത്തില്‍ പാളിച്ചകളോ ഇല്ലെന്നാണ് പൊതുമാരാമത്ത് ഉദ്യോഗസ്ഥരുടെ വിശദീകരണം.