building-tax

തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനികുതി കൂട്ടും. വര്‍ഷം തോറും അഞ്ചുശതമാനം വീതം കൂട്ടാനാണ് തീരുമാനം. അഭിഭാഷകരും ബ്രോക്കര്‍മാരും അടക്കം കൂടുതല്‍ വിഭാഗങ്ങളെ തൊഴില്‍കരത്തിന്റെ പരിധിയില്‍ കൊണ്ടുവരും. വിവാഹസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള സേവനങ്ങളുടെ ഫീസ് അമ്പത് ശതമാനം കൂട്ടാനും അഞ്ചാംധനകാര്യകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

കെട്ടിടനികുതി അഞ്ചുവര്‍ഷം തോറും പരിഷ്കരിക്കാനായിരുന്നു അഞ്ചാം ധനകാര്യകമ്മീഷന്റെ ശുപാര്‍ശ. എന്നാല്‍ തദ്ദേശസ്ഥാപനങ്ങള്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ വര്‍ഷം തോറും അഞ്ചുശതമാനം വീതം കെട്ടിടനികുതി കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.  കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ വസ്തുനികുതിക്ക് വിധേയമാക്കുന്നതിന് ഭരണഘടനാഭേദഗതിക്ക് ശുപാര്‍ശ ചെയ്യും. എല്ലാ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വസ്തുനികുതിയുടെ പരിധിയില്‍ കൊണ്ടുവരാനും തീരുമാനിച്ചു.

തൊഴില്‍ കരത്തിന്റെ പരിധി 2500ല്‍ നിന്ന് 12500 രൂപ ആക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. അഭിഭാഷകരും ഇനിമുതല്‍ തൊഴില്‍കരമടയ്ക്കണം. തദ്ദേശസ്ഥാപനത്തില്‍ കരമടച്ച രസീത് ഹാജരാക്കിയെങ്കില്‍ മാത്രം പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുന്ന തരത്തില്‍ നിയമംനിര്‍മിക്കും. ചാട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, ടാക്സ് പ്രാക്ടീഷണര്‍മാര്‍, ഓഹരിവിപണി ബ്രോക്കര്‍മാര്‍, സ്വകാര്യ എന്‍ജിനീയര്‍മാര്‍, ഏജന്‍സി ബിസിനസുകാര്‍, ഇന്റര്‍നെറ്റ് കഫേ നടത്തിപ്പുകാര്‍, കേബിള്‍–ഡിഷ് ടിവി സേവനദാതാക്കള്‍, കണ്‍സള്‍ട്ടന്‍സികള്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ എന്നിവരെയും തൊഴില്‍കരത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു. സിനിമ തിയറ്ററുകളില്‍ കംപ്യൂട്ടര്‍വല്‍കൃത ടിക്കറ്റ് ബുക്കിങ് നിര്‍ബന്ധമാക്കും. പ്രദര്‍ശനനികുതിയുടെ കുറഞ്ഞനിരക്ക് നിലവില്‍ 5 രൂപ മുതല്‍ 50 രൂപ വരെയാണ്. ഇത് 100 ശതമാനം കൂട്ടും. തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടനിര്‍മാണ അനുമതി ഫീസ് 50 ശതമാനം കൂട്ടും. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള എല്ലാ സേവനങ്ങളുടെയും ഫീസ് 50 ശതമാനം ഉയര്‍ത്തും. പരസ്യപലകകള്‍ പ്രദര്‍ശിപ്പിക്കാന്‍ കുറഞ്ഞനികുതി ഏര്‍പ്പെടുത്തും. വലിപ്പം കൂടിയ പരസ്യപ്പലകകളുടെ കുറഞ്ഞനികുതി നിരക്ക് അല്ലാത്തവയെ അപേക്ഷിച്ച് ഇരട്ടിയാക്കാനും തീരുമാനിച്ചു.