sabarimala-1

ശബരിമലയെ ദേശീയതീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. അത്തരമൊരു സ്കീമില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി കേന്ദ്ര ടൂറിസം ഡയറക്ടര്‍ ജനറല്‍ സത്യജിത് രാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരത്തെ പൈതൃകനഗരമാക്കുന്ന കാര്യം പരിഗണിക്കുമെന്നും അദേഹം അറിയിച്ചു. ശബരിമലയെ ദേശീയതീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹിന്ദു സംഘടനകളും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. ഇക്കാര്യം പരിഗണനയിലാണെന്ന് കേന്ദ്രടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത് നടക്കില്ലെന്ന് കേന്ദ്ര ടൂറിസം ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

 

വികസന കാര്യങ്ങളിലടക്കം മുന്തിയ പരിഗണന ലഭിക്കുന്ന പദ്ധതിയാണ് ഇതോടെ ശബരിമലയ്ക്ക് നഷ്ടമാകുന്നത്. അതേസമയം ശബരിമലയും പത്മനാഭസ്വാമിക്ഷേത്രവും ഉള്‍പ്പെടുന്ന രണ്ട് ടൂറിസം സര്‍ക്ക്യൂട്ടുകള്‍ക്ക് 192 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് പ്രകാരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നവീകരണം പൂര്‍ത്തിയായാല്‍ തിരുവനന്തപുരം പൈതൃകനഗരമായേക്കുമെന്നും അദേഹം അറിയിച്ചു.

 

മലബാര്‍ , ശിവഗിരി എന്നീ ടൂറിസം സര്‍ക്യൂട്ടിനായി സംസ്ഥാനം സമര്‍പ്പിച്ച പദ്ധതി ചെലവ് കൂടുതലായതിനാല്‍ പുനപരിശോധിക്കാനും അവലോകനയോഗത്തില്‍ അദേഹം ആവശ്യപ്പെട്ടു.‌