സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ തന്നെ ലംഘിച്ചുകൊണ്ട് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സാധൂകരിച്ചു. കോളജുകള്‍ തലവരിപ്പണം വാങ്ങിയിട്ടില്ല എന്ന് ഉറപ്പാക്കണം എന്ന വ്യവസ്ഥയാണ് സര്‍ക്കാര്‍ അവഗണിച്ചത്. ഈ കോളജുകള്‍ 22 മുതല്‍ 45 ലക്ഷം വരെ കുട്ടികളില്‍ നിന്ന് വാങ്ങിയെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കണക്കിലെടുത്തില്ല.
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് എന്നിവടങ്ങളിലെ 2016–2017ലെ പ്രവേശനമാണ് പ്രത്യേക ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ സാധൂകരിച്ചത്. കോളജുകള്‍ തലവരിപ്പണം വാങ്ങിയിട്ടില്ല എന്ന് ഉറപ്പാകക്കിയ ശേഷമേ പ്രവേശനം അംഗീകരിക്കാവും എന്ന് ഓര്‍ഡിനന്‍സ് വ്യവ്സഥ ചെയ്യുന്നുണ്ട്. പ്രവേശന മേല്‍നോട്ട സമിതി 12 വിദ്യാര്‍ഥികള്‍ 22 മുതല്‍ 45 ലക്ഷംവരെ തലവരിപ്പണം നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പര്‍ സെക്രട്ടറി ഡോ. ബി ശ്രീനിവാസും തലവരിപ്പണം വാങ്ങിയിട്ടുണ്ട് എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള അഡി. ചീഫ് സെക്രട്ടറിയും ഈ നിഗമനങ്ങളോട് യോജിച്ചിരുന്നു.
അതേസമയം ഇത് അവഗണിച്ചുകൊണ്ട് സര്‍ക്കാര്‍ നിയമവകുപ്പിന്റെ അഭിപ്രായം തേടി. തുടര്‍ന്നാണ് ഈ കോളജുകളില്‍ അനര്‍ഹരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവേശനത്തിന് അംഗീകാരം നല്‍കിയത്. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 118 സീറ്റുകളിലേയും കരുണയിലെ 31 സീറ്റുകളിലേയും പ്രവേശനത്തിനാണ് ഇത്തരത്തില്‍ പച്ചക്കൊടികാണിച്ചത്. ഓര്‍ഡിനൻസിലെ വ്യവസ്ഥകള്‍ തന്നെ ലംഘിച്ചുകൊണ്ടുള്ള പ്രവേശന നടപടിയെ ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ വീണ്ടും നിയമക്കുരുക്കിലേക്ക് എത്തും.