korattychurch

 

വിവാദങ്ങൾക്കൊടുവിൽ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാദർ മാത്യു മണവാളനെ തൽസ്ഥാനത്ത് നിന്ന് രൂപത നീക്കി. അടുത്ത ജൂണിൽ പുതിയ വികാരിയെ നിയമിക്കും. പളളി ഭരണം ഒൻപതംഗ സമിതിയെ ഏൽപിക്കും. 

 

കൊരട്ടി സെന്റ് മേരീസ് പള്ളിയിലെ കാണിക്ക സ്വർണം വിറ്റതിലെ ക്രമക്കേട് കഴിഞ്ഞ മൂന്നു മാസമായി വിശ്വാസികൾ ഉയർത്തി കൊണ്ടു വന്നിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയാണ് വിശ്വാസികൾ ആവശ്യപ്പെട്ടത്. വൈദിക കമ്മിഷൻ തെളിവെടുപ്പ് നടത്തി പ്രശ്നം പരിഹരിക്കാൻ രൂപത ശ്രമിച്ചു. കമ്മിഷന്റെ ഇടപെടലും അഭിപ്രായങ്ങളും സ്ഥിതി രൂക്ഷമാക്കി. ഇതിനിടെ വികാരി ഫാദർ മാത്യു മണവാളൻ  ഇടവക ഉപേക്ഷിച്ച് കൊച്ചിയിലേയ്ക്ക് മടങ്ങി. 

 

വിശ്വാസികളാകട്ടെ പ്രശ്നം ഹൈക്കോടതിയിൽ എത്തിക്കാനായി ശ്രമം. ഇതിലെ അപകടം തിരിച്ചറിഞ്ഞ രൂപത നേത്യത്വം വികാരിയെ മാറ്റി തൽക്കാലം തടിയൂരി. പ്രശ്നം ഉണ്ടായപ്പോൾ കൃത്യമായി ഇടപ്പെട്ടില്ലെന്ന സ്വയം വിമർശനം രൂപത പ്രതിനിധി വിശ്വാസികളോട് പറഞ്ഞു. കൊരട്ടിയിലെ പ്രശ്നങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് തലയൂരാൻ രൂപത പ്രതിനിധി ശ്രമിച്ചപ്പോൾ വിശ്വാസികൾ രോഷാകുലരായി. കാര്യങ്ങൾ മാധ്യമങ്ങളോട്  പങ്കുവയ്ക്കരുതെന്ന് രൂപത പ്രതിനിധി നിർദ്ദേശിച്ചു. 

 

 കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയ്‌ക്കെതിരെ കൊച്ചിയിലെ വൈദികർ പരസ്യമായി മാധ്യമങ്ങളോട് എന്തിന് പ്രതികരിച്ചെന്ന മറുചോദ്യം വിശ്വാസികൾ ഉന്നയിച്ചപ്പോൾ രൂപത പ്രതിനിധി മടങ്ങി. സ്വർണം വിറ്റതിലെ ക്രമക്കേടിൽ കുറ്റക്കാരെ ആജീവനാന്തം പള്ളിയിൽ നിന്ന് വിലക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം. ക്രമക്കേടിനെക്കുറിച്ചുള്ള രൂപത വൈദിക കമ്മിഷൻ അന്വേഷണം തുടരും.