പിണറായി കൂട്ടക്കൊലപാതക കേസിൽ പ്രതി സൗമ്യക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി സഹോദരി. സമാന സാഹചര്യത്തിൽ അമ്മ മരിച്ചപ്പോൾ മരണകാരണം കണ്ടെത്താൻ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അന്ന് സൗമ്യ വാശിയോടെ വിസമ്മതിക്കുകയായിരുന്നുവെന്നും സഹോദരി മനോരമ ന്യൂസിനോട് പറഞ്ഞു. എന്തു കാര്യത്തിനാണ് പോസ്റ്റുമോർട്ടം നടത്തുന്നതെന്ന് ചോദിച്ച് അവള്‍ വിലപിച്ചു. പ്രായമമായ ശരീരത്തെ വെട്ടിക്കീറി മുറിക്കുന്നതെന്തിനാണെന്ന് അമ്മ നഷ്ടപ്പെട്ട മകളെ പോലെ സങ്കടത്തോടെ സൗമ്യ ചോദിച്ചു. ആർക്കും ഒരു സംശയവും ഉണ്ടായില്ല. ആരാണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചു. നാട്ടുകാരും പാർട്ടിക്കാരും പറയുന്നുണ്ട് എന്നുപറഞ്ഞു. അതിനാൽ സത്യാവസ്ഥ നമുക്കറിയണ്ടേ എന്ന് തിരിച്ചു ചോദിക്കുകയായിരുന്നു താനെന്നും സൗമ്യയുടെ സഹോദരി പറയുന്നു. സ്നേഹത്തോട് കൂടി മാത്രമാണ് സംസാരിച്ചിരുന്നത്. അപ്പോഴും ഉള്ളിലൊരു കൊലപാതകി ഉണ്ടെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
മകളുടെയും മാതാപിതാക്കളുടെയും മാറ്റങ്ങൾ ഓരോ സമയവും വിഡിയോ എടുത്ത് അയച്ചിരുന്നു. ഫോട്ടോയും അയക്കും. ഒരു ദിവസം ബെയ്സിനകത്ത് കറുപ്പ് നിറത്തിലുള്ള ഛർദ്ദിയുടെ ഫോട്ടോ അയച്ചു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ മകള്‍ ഛർദ്ദിച്ചതാണെന്നും പാന്‍ക്രിയാസിന് നീരുള്ളതിനാലായിരിക്കും ചിലപ്പോൾ കറുത്ത നിറമെന്നും പറഞ്ഞു. അച്ഛനെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോകാനും വിസമ്മതിച്ചു. അച്ഛൻ മരിച്ച അന്ന് വൈകിട്ടാണ് രക്തം പരിശോധിച്ച ഫലം ലഭിക്കുന്നത്. ശരീരത്തിൽ 236 ശതമാനം അമോണിയ കലർന്നിരുന്നു. അത് എങ്ങനെയാണെന്ന് അറിയില്ല. അതേപറ്റി ഇതുവരെ ഒന്നും പറഞ്ഞ് കേട്ടില്ല. അതുകൂടി അന്വേഷിച്ച് കണ്ടെത്തണമെന്നും സൗമ്യയുടെ സഹോദരി ആവശ്യപ്പെട്ടു.സഹോദരിക്ക് പോലും തിരിച്ചറിയാൻ കഴിയാത്തവിധം അഭിനയിച്ചാണ് സൗമ്യ കൊലപാതക പരമ്പര നടത്തിയത് എന്ന് ഈ വാക്കുകളില്‍ നിന്ന് വ്യക്തം.
സഹോദരിയുടെ വാക്കുകള്‍ വിശദമായി
സൗമ്യയുടെ നീക്കങ്ങളില്‍ ഒരിക്കല്‍പ്പോലും സംശയം തോന്നിയിരുന്നില്ല. വിഷം ഉളളില്‍ച്ചെന്ന് മാതാപിതാക്കളും മകളും ഛർദിച്ചപ്പോള്‍ രോഗാവസ്ഥ വ്യക്തമാക്കി സൗമ്യ ഓരോഘട്ടത്തിലും ദൃശ്യങ്ങൾ വാട്സാപ് വഴി സഹോദരിക്ക് അയച്ചു. പിതാവിന് വിദഗ്ധ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ സൗമ്യ തടസം നിന്നപ്പോള്‍പ്പോലും ദുരുദ്ദേശ്യം മനസിലാക്കാനായില്ല.
മകളുടെയും മാതാപിതാക്കളുടെയും ഓരോ ആരോഗ്യ മാറ്റങ്ങളും ലൈവായും വീഡിയോയെടുത്തും സഹോദരിക്ക് അയച്ചു നൽകി. അച്ഛനെ വിദഗ്ധ ചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചിട്ടും അവഗണിച്ചു. അമ്മയുടെ മരണകാരണം കണ്ടെത്താൻ ബന്ധുക്കൾ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ തടയാൻ ശ്രമിച്ചു.
അച്ഛന്റെ രക്തത്തിൽ അമോണിയ വന്നതിന്റെ കാരണവും പുറത്തുവരണം. മരണകാരണം അലൂമിനിയം ഫോസ് ഫൈഡാണെന്ന് കണ്ടെത്തിയെങ്കിലും അമോണിയുടെ സാന്നിധ്യത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.