പതിനേഴ് വർഷത്തെ വികസന മുരടിപ്പിൻറെ കഥ പറയാനുണ്ട് പാണ്ടനാട് പഞ്ചാത്തിനും പഞ്ചായത്തിലെ മിത്രമഠം പാലത്തിനും. അടുത്തകാലത്ത് പാലത്തിൻറെ പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമിച്ചിട്ടില്ല. വികസനമുരടിപ്പിനെ തുടർന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടി കിട്ടിയ പഞ്ചായത്തുകളിൽ ഒന്നാണ് പാണ്ടനാട്.
യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ തിരിച്ചടി നേരിട്ടതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.സി.വിഷ്ണുനാഥ് തോൽക്കാനിടയാക്കിയത്. തുടർച്ചയായി അഞ്ചുവട്ടം യു.ഡി.എഫിനെ പിന്തുണച്ച മണ്ഡലത്തിലാണ് എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയത്. യു.ഡി.എഫ് കോട്ടയായിരുന്ന പാണ്ടനാട് പഞ്ചായത്തും യു.ഡി.എഫിന് തിരിച്ചടി നേരിട്ടവയിൽ പ്രധാന കേന്ദ്രമാണ്. പാണ്ടനാട്ടുകാരുടെ ചിരകാല സ്വപ്നമായ പന്പാനദിക്ക് കുറുകേയുള്ള മിത്രമഠം പാലം അപൂർണമായി നിന്നതും യു.ഡി.എഫ് വിരുദ്ധ വികാരത്തിന് ആക്കംകൂട്ടി. 2001ൽ ശോഭന ജോർജ് എം.എൽ.എ ആയിരിക്കുന്പോൾ തുടങ്ങിയ നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. പാലത്തിന്റെ സ്പാനുകളുടെ നിർമാണം കഴിഞ്ഞ ദിവസമാണ് പൂർത്തീകരിച്ചത്. അപ്രോച്ച് റോഡിൻറെ നിർമാണത്തിനായി മറുകരയുള്ള പ്രയാർ സ്കൂളിൻറെ കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.
പാണ്ടനാട് പഞ്ചായത്തിലെ നാലുവാർഡുകൾ പന്പാനദിയുടെ മറുകരയിലാണ്. പാലം യാഥാർഥ്യമായാൽ ഇവിടെയുള്ളവർക്ക് പഞ്ചായത്തിലെത്താൻ ഏഴുകിലോമീറ്റർ ലാഭിക്കാനാകും. ഇതുകൂടാതെ പരുമല ആശുപത്രിയിലേക്കും, അന്പലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗവുമാകും. പാലത്തിൻറെ രാഷ്ട്രീയ പ്രാധാന്യം മനസിലാക്കിയ എൽ.ഡി.എഫ് തിരഞ്ഞെടുപ്പിന് മുൻപ് പാലം തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാധ്യമായില്ല.