തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അണുനശീകരണ യന്ത്രം കേടായതിനേത്തുടര്‍ന്ന് ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങി. കുടിശിക ഉയര്‍ന്നതിനേത്തുടര്‍ന്ന് സ്റ്റെന്റ് വിതരണം നിര്‍ത്തിവച്ചത് ശസ്ത്രക്രിയകളെ ബാധിച്ചു തുടങ്ങിയതിനുപിന്നാലെയാണിത്. ഉപകരണം നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഹൃദയധമനികളിലെ ബ്ളോക്ക് നീക്കുന്ന ആന്‍ജിയോപ്ളാസ്റ്റി ശസ്ത്രക്രിയകളാണ് മുടങ്ങിയത്. കെ എച്ച് ആര്‍ ഡബ്ളു എസിനു കീഴിലുള്ള പ്രധാന കാത്ത് ലാബിലെ അണു നശീകരണ ഉപകരണമാണ് കേടായിരിക്കുന്നത്. കുടിശിക ഉയര്‍ന്നതിനേത്തുടര്‍ന്ന് സ്റ്റെന്റുകളുടേയും അനുബന്ധ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും വിതരണം കമ്പനികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ മാത്രമാണ് നടക്കുന്നത്. ഹൃദയശസ്ത്രക്രിയ്ക്ക് ഉപയോഗിക്കുന്ന വയറുകള്‍ അണുവിമുക്തമാക്കിയാണ് വീണ്ടും ഉപയോഗിക്കുന്നത്. ഇതിനുള്ള ഉപകരണമാണ് പണിമുടക്കിയത്. ഉപകരണം നന്നാക്കാനുളള നടപടികള്‍ ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. 2013 മുതലുള്ള കുടിശിക 18 കോടി രൂപ ലഭിക്കാതെ സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും ഇനി നല്‍കില്ലെന്നാണ് വിതരണക്കാരുടെ നിലപാട്. ഏതാനും ദിവസത്തേയ്ക്കുള്ള സ്റ്റോക്ക് മാത്രമാണ് ഇനി ബാക്കിയുള്ളത്.