‘ഇനിയെന്തു ചെയ്യും അച്ചാച്ചാ’ - ഹൃദയം പൊട്ടിയുള്ള നീനുവിന്റെ ചോദ്യത്തിന് എന്ത് ഉത്തരം പറയുമെന്ന് പിലാത്തറ വീട്ടിലെ ആർക്കും അറിയില്ല. ഇടവിട്ടു പെയ്ത മഴ പിലാത്തറ വീടിന്റെ മുറ്റത്ത് നീനുവിന്റെ അണപൊട്ടിയ വ്യഥയായൊഴുകി. കെവിന്റെ പിതാവ് ജോസഫ് ഏറ്റവും അധികം ആശ്വസിപ്പിക്കാൻ ശ്രമിച്ചത് നീനുവിനെയാണ്.
തിങ്കളാഴ്ച രാവിലെ കെവിന്റെ വീട്ടിലെത്തിയ നീനു തളർന്നു വീണതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് ഏഴരയോടെയാണു വീണ്ടും കെവിന്റെ വീട്ടിലെത്തിയത്. നട്ടാശേരി മാവേലിപ്പടി കവലയിൽ നിന്ന് ഇടത്തോട്ടുള്ള മൺവഴിയിലാണ് കെവിൻ താമസിക്കുന്ന വാടകവീട്. മുറ്റത്ത് ഉച്ചയോടെ മരണത്തിന്റെ പന്തലുയർന്നു. ഇടയ്ക്കിടെ പെയ്തുകൊണ്ടിരുന്ന കനത്ത മഴയെയും അവഗണിച്ച് ജനങ്ങൾ ആ ചെറിയ വീട്ടിലേക്ക് ഒഴുകിയെത്തി.
മനം തകർന്നു നീനു; തേങ്ങൽ അടക്കി ജോസഫ്
മകന്റെ മരണത്തിനും മരുമകളുടെ മനം തകർന്നുള്ള വിലാപത്തിനുമിടയിൽ നിസ്സഹായനായിരുന്നു കെവിന്റെ പിതാവ് ജോസഫ് ജേക്കബ്. മൂന്നാം വാർഡിൽ, പൊലീസ് കാവലോടെ നീനുവിനെ കിടത്തിയപ്പോൾ ജോസഫും ഒപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ സ്വബോധത്തിലേക്ക് ഉണർന്നെണീക്കുന്ന നീനു കെവിൻ വന്നോ എന്നും എപ്പോൾ വരുമെന്നും ചോദിച്ചു കൊണ്ടേയിരുന്നു. ഉടൻ വരുമെന്നും വിളിക്കാൻ ആളു പോയെന്നും പറഞ്ഞു സമാധാനിപ്പിച്ചു.
രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും എത്തിയതോടെ എന്തൊക്കെയോ സൂചനകൾ ലഭിച്ചതുപോലെ നീനു പൊട്ടിക്കരയാൻ തുടങ്ങി. പിന്നീടു തളർന്നു വീണ്ടും മയക്കത്തിലേക്ക്. കെവിൻ മരിച്ച വിവരം നീനുവിനോടു പറയാനുള്ള ധൈര്യം കൂടെയുണ്ടായിരുന്നവർക്കാർക്കും ഇല്ലായിരുന്നു. ‘എനിക്കെന്റെ കെവിൻ ചേട്ടനെ തിരിച്ചുകിട്ടാൻ എന്താ ചെയ്യേണ്ടതെന്നു പറ...’ ജോസഫിനെ കെട്ടിപ്പിടിച്ചു കരയുമ്പോഴും തൊട്ടപ്പുറത്തെ കട്ടിലിൽ ഇരുന്നവർ വായിച്ച സായാഹ്ന പത്രത്തിലെ ‘മൃതദേഹം തോട്ടിൽ’ എന്ന വാർത്ത അവൾ കണ്ടില്ല.
തിങ്കളാഴ്ച രാവിലെ മുതൽ രാത്രി ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യുന്നതു വരെ ജോസഫായിരുന്നു നീനുവിനൊപ്പമുണ്ടായിരുന്നത്.