kevin-neenu

കേരളം ഒന്നടങ്കം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരകൊലപാതകത്തിന്‍റെ ഇര. കെവിന്‍ ആരായിരുന്നു എന്നതിന്‍റെ ചിത്രം ഇപ്പോള്‍  മലയാളിക്ക് മുന്നിലുണ്ട്.നീനുവിന്‍റെ വാക്കുകളില്‍ തെളിയുന്ന ഉറ്റവന്‍റെ ചിത്രം. മകന്റെ ചേതനയറ്റ ശരീരത്തിന് മുന്നിലും തളരാതെ നിന്ന ആ അച്ഛനന്റെ വാക്കുകളില്‍ മറ്റൊരു കെവിനെയും മലയാളി കണ്ടു. കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ തടിച്ചുകൂടിയ ജനാവലി വിളിച്ചുപറയുന്നു, അവന്‍ നാടിന്റെ എല്ലാമായിരുന്നെന്ന്.  അവസാനത്തെ യാത്രയില്‍ കെവിനൊപ്പം കുതിച്ച വഴിയിലൂടെ ആ സൗഹൃദത്തെ കുറിച്ച് അനീഷ് പറയുന്നു. കെവിന്‍ ആരായിരുന്നെന്ന്?

‘കെവിന്റെ അമ്മാവന്റെ മകനാണ് ഞാന്‍. പക്ഷേ ഞങ്ങള്‍ തമ്മില്‍ ചേട്ടന്‍ അനിയന്‍ ബന്ധമായിരുന്നില്ല. അതിനപ്പുറം നല്ല സുഹൃത്തുക്കളായിരുന്നു‍. ചേട്ടന്റെ സ്ഥാനത്ത് നിന്ന് ഒരിക്കലും ഞാന്‍ അവനോട് പെരുമാറിയിട്ടില്ല. കാരണം അത്രത്തോളം ആത്മാര്‍ഥത ബന്ധങ്ങളിലും സൗഹൃദങ്ങളിലും അവന്‍ എന്നും കാത്തുസൂക്ഷിച്ചിരുന്നു. ആര്‍ക്കും ഏത് സഹായത്തിനും എപ്പോഴും ഒാടിയെത്തുമായിരുന്നു. കൂട്ടുകാര്‍ക്കിടയില്‍ അവന്റെ സ്ഥാനം ഞാന്‍ എങ്ങനെയാ പറഞ്ഞറിയിക്കുന്നത്. ഒരു ഹീറോ ആയിരുന്നു അവന്‍. എല്ലാം കണ്ടറിഞ്ഞ് ചെയ്യും. നമ്മുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും അവന്റെ കൂടിയാണെന്ന് കണ്ട് അവന്‍ അതിനൊപ്പം നില്‍ക്കും. ഞങ്ങളുടെ സുഹൃത്തുവലയത്തിനുള്ളില്‍ അവന്‍ ഇനിയില്ലായെന്ന സത്യം ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് എല്ലാവരും..’ വികാരഭാരത്തോടെ അനീഷ് പറഞ്ഞു. 

aneesh-kevin-1

ഇതാ കരയാത്ത, കരുത്തുറ്റ നീനു: അവള്‍ പറയുന്നു: കെവിന്‍റെ കഥ: കുറിപ്പ്, വിഡിയോ

കൊടിയ പീഡനങ്ങളുടെ രാത്രിയിലും കെവിനൊപ്പം ഉണ്ടായിരുന്നത് അനീഷായിരുന്നു. അനീഷിന്റെ വീട്ടില്‍ നിന്നാണ് അക്രമി സംഘം കെവിനെയും അനീഷിനെയും പിടിച്ചുകൊണ്ടുപോകുന്നത്. തൊട്ടുപിന്നിലെ കാറില്‍ കെവിന്‍ പ്രാണവേദന കൊണ്ട് പുളയുമ്പോള്‍ സാമാനഅനുഭവമായിരുന്നു അനീഷിനും. കാരണം അവന്‍ നല്ലൊരു കാമുകനായിരുന്നു.. അസ്ഥി നുറുങ്ങുന്ന വേദന അനുഭവിക്കുമ്പോഴും നീനുവിനെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അനീഷ് പറഞ്ഞില്ല. കാരണം കെവിന്‍ നല്ലൊരു സുഹൃത്തായിരുന്നു. ആ യാത്രയുടെ നടുക്കുന്ന ഒാര്‍മകള്‍ പേറി ആ നല്ല സുഹൃത്തിന്റെ ഒാര്‍മകളില്‍ അനീഷ് ഒാര്‍മകള്‍ പങ്കുവയ്ക്കുന്നു. വിഡിയോ കാണാം.