kerala-police-1

 

ഉന്നതതലത്തിലെ എതിര്‍പ്പിനിടയിലും പൊലീസ് ഘടനയില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിലുറച്ച് ആഭ്യന്തരവകുപ്പ്. മേഖലാ തലത്തില്‍ എ.ഡി.ജി.പിമാരെ ഒഴിവാക്കുന്നതില്‍ തര്‍ക്കം തുടരുന്നതിനാല്‍ ഉത്തരമേഖല എ.ഡി.ജിപി വിരമിച്ച് ഒരുമാസം കഴിഞ്ഞിട്ടും പകരം നിയമനമായില്ല. കൊച്ചിയില്‍ കമ്മീഷ്ണറേറ്റ് സ്ഥാപിക്കാനും കണ്ണൂരിനെ രണ്ടായി വിഭജിക്കാനും ആലോചന തുടങ്ങി. ഉത്തര, ദക്ഷിണ മേഖലകളുടെ തലപ്പത്ത് നിന്ന് എ.ഡി.ജി.പിമാരെ ഒഴിവാക്കി ഐ.ജിമാരെയും റേഞ്ചുകളില്‍ ഐ.ജിക്ക് പകരം ഡി.ഐജിമാരെ നിയമിക്കാനുമാണ് ഡി.ജി.പി ആഭ്യന്തരവകുപ്പിന് നല്‍കിയിരിക്കുന്ന ശുപാര്‍ശ.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്ന ഈ പരിഷ്കാരത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എങ്കിലും ഇത് നടപ്പാക്കാനുദേശിക്കുന്നൂവെന്നാണ് ഡി.ജി.പിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതിലെ തര്‍ക്കം മൂലമാണ് രാജേഷ് ദിവാന്‍ വിരമിച്ച ശേഷം ഉത്തരമേഖലയില്‍ എ.ഡി.ജി.പിയെ നിയമിക്കാതിരിക്കുന്നത്. ഇതോടെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ പതിവായ ഉത്തരമേഖലയില്‍ ഒരുമാസത്തിലേറെയായി പൊലീസ് തലപ്പത്ത് മേധാവിയില്ല

ഓരോ ജില്ലയിലും എസ്.പിയെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ചിനെ പരിഷ്കരിക്കാനും ഇന്റലിജിന്‍സ് സംവിധാനം പൊളിച്ചെഴുതാനും ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. 

സംസ്ഥാനത്ത് ആദ്യത്തെ പൊലീസ് കമ്മീഷ്ണറേറ്റ് കൊച്ചിയില്‍ തുടങ്ങുന്നതാണ് മറ്റൊരു തീരുമാനം. ഐ.ജി റാങ്കിലെ ഉദ്യോഗസ്ഥന്‍ എറണാകുളം ജില്ലയുടെ തലപ്പത്തെത്തുന്നതും മജിസ്റ്റീരിയല്‍ അധികാരം ലഭിക്കുന്നതുമാണ് ഇതിന്റെ നേട്ടം. രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിവായ കണ്ണൂരിനെ സിറ്റിയും റൂറലുമായി വിഭജിച്ച് പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും ഡി.ജി.പിയുടെ പരിഷ്കാരത്തിലുണ്ട്.