electric-bus-t

കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് തിരുവനന്തപുരത്തെത്തി. തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ പരീക്ഷ ഒാട്ടം തുടങ്ങും. സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ രാവിലെ 11ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ബസ് ഉദ്ഘാടനം ചെയ്യും. 

 

എ.സി ലോഫ്ലോര്‍ബസ്, 42 പേര്‍ക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന ബസില്‍ സിസിടിവി ക്യാമറ,വൈഫൈ സംവിധാനങ്ങളുണ്ട്.  15 ദിവസത്തേക്കാണ് പരീക്ഷണഒാട്ടം. പുകയില്ല, അന്തരീക്ഷ മലീനീകരണമില്ല, കാതടപ്പിക്കുന്ന ശബ്ദവുമില്ല. ലാഭകരമെന്ന് കണ്ടെത്തിയാല്‍ ഇതുപോലുള്ള മൂന്നൂറെണ്ണം കൂടി വാടകയ്ക്കെടുക്കും . ഒരു തവണ ചാര്‍ജ് ചെയ്താല്‍ മുന്നൂറുകിലോമീറ്റര്‍ വരെ ഒാടും. 

 

രണ്ടേകാല്‍ കോടി രൂപയാണ് ബസൊന്നിന്റ വില. 50 ലക്ഷം രൂപവരെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സബ്സിഡി കിട്ടുമായിരുന്നു. എന്നാല്‍ മാര്‍ച്ച് 31 നകം അപേക്ഷിക്കാത്തതിനാല്‍ ഈ വര്‍ഷം ലഭിക്കില്ല. അതാണ് വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. കിലോമീറ്ററിന് 44 രൂപയാണ് വാടക. ഡ്രൈവറെ കരാര്‍ കമ്പനിയായ ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍  നല്‍കും. കണ്ടക്ടര്‍ കെ.എസ്.ആര്‍.ടി.യുടേതാണ്്. പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ഷോപ്പിലാണ് ചാര്‍ജ് ചെയ്യാന്‍ സൗകര്യം. ഹൈദരാബാദില്‍ നിന്ന് എത്തിച്ച ബസിന് 12 മീറ്റര്‍ നീളമുണ്ട്. വിജയിച്ചാല്‍ തിരുവനന്തപുരത്തിന് പുറമെ  കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ആദ്യം സര്‍വീസ് ആരംഭിക്കുക.