ഒരു പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യങ്ങളും മറുപടികളുമാണിത്. ‘വണ്ടിയൊന്നു തട്ടി. ഇന്‍ഷൂറന്‍സ് കിട്ടാനുള്ള ജീഡി എന്‍ട്രി തരാമോ’. മറുപടി: ‘എസ്.ഐ. സ്ഥലത്തില്ല. പിന്നെ വാ’... രണ്ടും മൂന്നും തവണ പോയാലും ജീഡി എന്‍ട്രി കിട്ടില്ല. പിന്നെ, റൈറ്റര്‍ക്ക് ‘കൈമണി’ കൊടുത്താല്‍ ജീഡി എന്‍ട്രി തരും. ‘മൈക്ക് ഉപയോഗിക്കാന്‍ അനുമതി തരാമോ?’’... മറുപടി: ‘‘അത് എ.സി.പി പറയാതെ കിട്ടില്ല. നിങ്ങള്‍ പിന്നെ വാ’’... കുറേ തവണ കയറിയിറങ്ങുമ്പോള്‍ കിട്ടും മൈക്കിനുള്ള അനുമതി. ‘കൈമണി’ അത്ര നിര്‍ബന്ധമല്ല. വാങ്ങുന്നവരും കാണും.
ക്രമസമാധാനവും കോടതി ഡ്യൂട്ടികളും കഴിഞ്ഞു സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വരുമ്പോള്‍ മണിക്കൂറുകള്‍ കഴിയും. അങ്ങനെ ഒരു പരാതി നല്‍കിയാല്‍ മിക്കവരും ഒരു രശീതി ആവശ്യപ്പെടും. രശീത് ചോദിച്ചാലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ മുഖഭാവം ഊഹിക്കാമല്ലോ?....പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചിലപ്പോള്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടി വരും. ചിലപ്പോള്‍ വിദേശത്തു ജോലിസ്ഥലത്ത് സമര്‍പ്പിക്കാന്‍ ഇതു ചോദിക്കും. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ നിരവധി തവണ പൊലീസിന്റെ അടുത്തു പോകേണ്ടി വരും. ഇങ്ങനെ, പ്രതിദിനം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ പൊതുജനങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ട്. പൊലീസിന്റെ പെരുമാറ്റം ശരിയല്ലെന്ന ആക്ഷേപം കാലങ്ങളായുണ്ട് കേരളത്തില്‍.
പൊലീസിന്റെ പെരുമാറ്റം നേരെയാക്കാന്‍ പല ഡി.ജി.പിമാരും കാലങ്ങളായി ശ്രമിച്ചു. വലിയ മാറ്റമൊന്നും കണ്ടില്ല. പൊലീസ് സ്റ്റേഷനില്‍ വരുന്ന ആളുകളുടെ എണ്ണം എങ്ങനെ കുറയ്ക്കാമെന്നായി അടുത്ത ചിന്ത. ഒപ്പം, സ്റ്റേഷനിലെ അനധികൃത പിരിവും നിര്‍ത്താന്‍ എന്താണൊരു വഴി. പൊലീസ് സേവനങ്ങള്‍ ഓണ്‍ലൈനാക്കുക. ഈ ചിന്തയാണ് തുണ എന്ന വെബ്സൈറ്റ് രൂപികരിക്കാന്‍ കേരള പൊലീസിനെ പ്രേരിപ്പിച്ചത്. കേരള പൊലീസ് ഐടി വിങ് എസ്.പി. ജെ.ജയനാഥിന്‍റെ ഏകോപനത്തിലാണ് ഇപ്പോള്‍ ജനങ്ങള്‍ക്കായി ഈ തുണ പിറന്നിരിക്കുന്നത്.
എങ്ങനെ തുടങ്ങാം
തുണ വെബ്സൈറ്റില്‍ കയറി പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാര്‍ നമ്പര്‍ നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്ട്രേഷന്‍ നടത്തിയാല്‍ പിന്നെ, പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍ക്കും അതുമതി. ഒരു പരാതി നല്‍കാനോ വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് ജീഡി എന്‍ട്രി കിട്ടാനോ ഈ സൈറ്റില്‍ കയറിയാല്‍ മതി. തോക്കും സ്ഫോടക വസ്തുക്കളും കൈകാര്യം ചെയ്യാനുള്ള ലൈസന്‍സിന്റെ അപേക്ഷ വരെ ‘തുണ’ വഴി നല്‍കാം.
മൈക്ക് ഉപയോഗിക്കാനുള്ള അനുമതി. ജാഥയും പൊതുയോഗവും നടത്താനുള്ള അനുമതി ഇവയെല്ലാം ഓണ്‍ലൈനായി ലഭിക്കും. ഇനി, ഏതെങ്കിലും സ്റ്റേഷനില്‍ നിന്ന് അനുമതി വൈകിയാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പണി കിട്ടും. ഓണ്‍ലൈന്‍ സേവനത്തിന്റെ സംതൃപ്തി രേഖപ്പെടുത്താനുള്ള ഓപ്ഷന്‍ സൈറ്റിലുണ്ട്. ആരെങ്കിലും സേവനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മറുപടി നല്‍കേണ്ടി വരും. എഫ്.ഐ.ആറിന്റെ പകര്‍പ്പിന് വേണ്ടി സ്റ്റേഷനുകളില്‍ കയറിയിറങ്ങിയും മടുക്കേണ്ട. അതും കിട്ടും ഈ വെബ്സൈറ്റില്‍. ഏതു എഫ്.ഐ.ആറിന്റെ പകര്‍പ്പ് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാം. ഒരു സെക്കന്‍ഡ് ഹാന്‍ഡ് വണ്ടി വാങ്ങണമെന്ന് തീരുമാനിച്ചുവെന്ന് കരുതുക.
ആ വണ്ടി മോഷണ വണ്ടിയാണോയെന്ന് എങ്ങനെ പരിശോധിക്കും. അതിനുള്ള വഴിയും ഈ വെബ്സൈറ്റിലുണ്ട്. മോഷണം പോയ വണ്ടികളുടെ നമ്പറും വിവരങ്ങളും വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ഇത്തരം സേവനങ്ങള്‍ക്കു പൊലീസ് സ്റ്റേഷനില്‍ വരുന്നവര്‍ മിക്കവരും ആദ്യമായി പൊലീസിനെ കാണുന്നവരാകും. കാര്യം നടത്താതെ പൊലീസ് വട്ടംചുറ്റിക്കും. ഇനി മുതല്‍ അത്തരം വട്ടംചുറ്റിക്കലൊന്നും നടക്കില്ല. വെബ്സൈറ്റ് കേടാണെന്ന് പറയാന്‍ കഴിയില്ല. കാരണം, പൊലീസ് ആസ്ഥാനത്താണ് വെബ്സൈറ്റിന്റെ നിയന്ത്രണം. സ്റ്റേഷന്‍ വൈദ്യതിയില്ലെന്ന് പറഞ്ഞൂരാനും പറ്റില്ല. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് വേണമെങ്കില്‍ മൊബൈലില്‍ ഓണലൈന്‍ വഴി സേവനങ്ങള്‍ നല്‍കാം. സൈറ്റിന്റെ അഡ്രസ് ഇങ്ങനെ: thuna.keralapolice.gov.in