അഭിലാഷ് പി.ജോണ്‍ നിര്‍മിച്ച് അവതരിപ്പിച്ച ‘ജസ്നേ നീ എവിടെ’ എന്ന പരിപാടി അധികരിച്ച് തയാറാക്കിയ റിപ്പോര്‍ട്ട്
രാജ്യത്ത് തന്നെ ഏറ്റവും മികച്ച പൊലീസ് ഫോഴ്സിനെ ഇങ്ങനെ കുടുക്കാന്‍ പോകുന്ന ബുദ്ധിയുണ്ടോ ആ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിക്ക്, സാങ്കേതികമായും ശാസ്ത്രീയമായും കേസ് തെളിയിക്കുന്നതില്‍ ഏതു സംസ്ഥാനത്തോടും കിടപിടിക്കുന്ന നമ്മുടെ പൊലീസ് സേനയ്ക്ക് ജസ്ന കേസില്‍ എന്താണ് സംഭവിക്കുന്നത്. ഒരു തിരോധാനക്കേസില്‍ നിന്നും ഇത് കേരള പൊലീസിന്റെ അഭിമാനപ്രശ്നമായി മാറിയിരിക്കുന്നു ജസ്ന കേസ്. ഇന്ന് ജെസ്നയെ കാണാതായിട്ട് നൂറ് ദിവസം തികയുന്നു. എങ്ങനെയാണ് ഒരു സാധാരണ പെണ്‍കുട്ടിക്ക് ഇത്രനാള്‍ പൊലീസിനെ കബളിപ്പിക്കാനാകുന്നത്? മറ്റൊരാളുടെ സഹായമില്ലാതെ എങ്ങനെയാണ് അവള്‍ക്ക് ഒളിച്ചിരിക്കാന്‍ കഴിയുന്നത്? അതോ കേരളം പ്രാര്‍ഥിക്കുന്നതിന് വിപരീതമായി എന്താണ് ജസ്നയ്ക്ക് സംഭവിച്ചത്? ജെസ്നയുടെ ജീവിതത്തിലേക്ക് മനോരമ ന്യൂസ് പ്രതിനിധി അഭിലാഷ് ജോണ്‍ നടത്തിയ ആ യാത്രയിേലക്ക്. ജസ്നേ നീ എവിടെ?
മുക്കൂട്ടുതറയ്ക്കും എരുമേലിക്കും മുണ്ടക്കയത്തിനുമിടയില്‍ ജസ്നയ്ക്ക് എന്തുസംഭവിച്ചു..?
‘ഞങ്ങള്‍ക്ക് അറിയില്ല. പലരും പലതും പറയുന്നു. അവളെ കാണാതായതിന് പിന്നില്‍ വീട്ടുകാര്‍ തന്നെയാണ്. പ്രണയത്തില്‍പ്പെട്ട് നാടുവിട്ടതാണ്. അങ്ങനെ കരക്കമ്പികള്‍ പലവിധമാണ്.’ ഇങ്ങനെ പോകുന്നു ആ നാട്ടിലെ സംസാരം. പക്ഷേ മുക്കൂട്ടുതറക്കാര്‍ക്ക് ഒന്നേ പറയാനുള്ളൂ. ഞങ്ങള്‍ക്ക് അറിയണം ജസ്നയ്ക്ക് എന്തുസംഭവിച്ചെന്ന്. നാട്ടുകാരുടെ പ്രതികരണം ഇങ്ങനെയാണ്. ജസ്നയെ കുറിച്ച് അവര്‍ക്ക് മോശം ഒന്നും പറയാനില്ല. 2018 മാര്‍ച്ച് 22നാണ് ജസ്നയെ കാണാതാകുന്നത്.
മുക്കൂട്ടുതറയ്ക്കും എരുമേലിക്കും മുണ്ടക്കയത്തിനുമിടയില്‍ ജസ്നയ്ക്ക് എന്തുസംഭവിച്ചു. മുക്കൂട്ടുതറയില്‍ നിന്നും എരുമേലിക്കുള്ള ബസില്‍ ജസ്ന കയറിയതിന് സാക്ഷികളുണ്ട്. പൊലീസും ഇത് സ്ഥിരീകരിക്കുന്നു. എരുമേലിയില്‍ നിന്നും മുണ്ടക്കയത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയെന്നാണ് വീട്ടുകാരുടെ പക്ഷം. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. ആ യാത്രയില്‍ ജസ്നയ്ക്ക് എന്ത് സംഭവിച്ചു? അതിേലക്കുള്ള ഉത്തരം അവളില്‍ നിന്നുതന്നെ തുടങ്ങേണ്ടതുണ്ട്. അവളുടെ കലാലയത്തിനു സുഹൃത്തുക്കള്‍ക്കും ചിലത് പറയാനുണ്ട്.
ഇന്ന് കലാലയത്തിന്റെ കണ്ണീരായ കൂട്ടുകാരി
കാഞ്ഞിരപള്ളി എസ്ഡി കോളജിലെ മൂന്നാവര്‍ഷ ബിരുദ വിദ്യാര്‍ഥിനി. കോളജ് ജീവിതത്തിന്റെ കളിയും ചിരിയിലും മതിമറന്നാഘോഷിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല അവള്‍. ആരോടും അത്ര വലിയ സൗഹൃദം സ്ഥാപിക്കില്ല. അങ്ങോട്ട് കേറി മിണ്ടാനും കുടാനും അവള്‍ക്ക് താല്‍പര്യമില്ലായിരുന്നു. എന്‍.എസ്.എസ് പരിപാടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴും മറ്റുള്ളവരില്‍ നിന്നും തന്നിലേക്ക് ഒതുങ്ങുന്ന കൂട്ടത്തിലായിരുന്നു അവള്‍. ഒരിക്കല്‍ അടുത്ത സുഹൃത്ത് അവളോട് ചോദിച്ചു. നീ എന്തിനാണ് ജസ്ന നിന്നിലേക്ക് ഒതുങ്ങുന്നത്?. എനിക്ക് എല്ലാവരോടും കമ്പനിയാവണമെന്നുണ്ട് പക്ഷേ എനിക്ക് പറ്റുന്നില്ല. കമ്പനിയായാല്‍ ഞാന്‍ നല്ല കൂട്ടാണ്. അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. കോളജില്‍ രണ്ടാംവര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് അവളുടെ ജീവിതത്തില്‍ വലിയ ഒരു ആഘാതമായി അമ്മയുടെ മരണം സംഭവിക്കുന്നത്. പിന്നീട് ജസ്ന ഒന്നുകൂടി തന്നിലേക്ക് തന്നെ ഉള്‍വലിഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു.
ജസ്നയുടെ തിരോധാനത്തിന് ശേഷം ഏറെ മാനസിക സംഘര്‍ഷം അനുഭവിച്ചത് അവളുടെ സുഹൃത്തുക്കളായിരുന്നു. പൊലീസിന്റെ ചോദ്യം െചയ്യലും സമൂഹത്തിന്റെ സംശയദൃഷ്ടിയും അവരെ തളര്‍ത്തുന്നു. അതില്‍ ഏറെ പഴി കേള്‍ക്കുന്നത് ജസ്നയുടെ ആണ്‍സുഹൃത്താണ്. അവനോട് അവള്‍ എല്ലാം തുറന്നു സംസാരിച്ചിരുന്നു. അക്കാര്യങ്ങള്‍ കൊണ്ട് തന്നെ സംശയങ്ങളുടെ മുന അവനിലേക്കും നീണ്ടു. അവന്റെ സുഹൃത്തുക്കള്‍ തന്നെ പറയുന്നു. ഇതിന്റെ സത്യം അറിയേണ്ടത് അവന്റെ കൂടി ആവശ്യമാണ്. കാരണം അവനെ സമൂഹം തെറ്റുകാരനെ പോലെ കാണുന്നു. ജസ്ന അവന്റെ നല്ല സുഹൃത്തായിരുന്നു. പക്ഷേ നിസാഹായത അവിടെ പൊലീസിനെ മാത്രമല്ല അവരെയും തളര്‍ത്തുന്നു.
മാര്‍ച്ച് 22ന് ജസ്നയെ കാണാതാകുന്നു. പക്ഷേ ഏപ്രില്‍ മൂന്നാംതീയതിയാണ് പൊലീസ് കോളജില്‍ അന്വേഷിക്കാനെത്തുന്നത്. ജസ്നയുടെ തിരോധാനം കോളജില്‍ ആകെ ചര്‍ച്ചയായിരുന്നു. ചില നിഗമനങ്ങള്‍ സംശയങ്ങള്‍ അങ്ങനെ പലതും ഉരുത്തിരിഞ്ഞു. അതില്‍ പ്രധാനമെന്ന് സംശയിക്കാവുന്ന ഒന്ന് ജസ്നയുടെ അധ്യാപകന് തോന്നി. മാര്‍ച്ച് 17ാം തീയതി കാഞ്ഞിരപ്പള്ളിയില്‍ വച്ച് ഒരു ചെറുപ്പക്കാരന്‍ ഒരു പെണ്‍കുട്ടിയുടെ കരണത്തടിച്ചതായി വിവരം ലഭിച്ചിരുന്നു. ഇത് ജസ്ന ആയിരുന്നോ എന്ന് സംശയം ബലപ്പെട്ടു. ഇക്കാര്യം അദ്ദേഹം പൊലീസിനോട് പറയുകയും ചെയ്തു. പക്ഷേ അതെക്കുറിച്ച് പൊലീസ് വേണ്ട അന്വേഷണം നടത്തിയില്ല. ജസ്നയുടെ തിരോധാനത്തില്‍ ആദ്യം വീട്ടുകാര്‍ വേണ്ട പ്രാധാന്യം നല്‍കിയില്ല എന്ന പരാതി ഇൗ അധ്യാപകനും പങ്കുവയ്ക്കുന്നു.
പരാതിപ്പെട്ടി നയിച്ചത് പരുന്തുംപാറയിലേക്ക്
അന്വേഷണത്തിന്റെ പലവഴികള്‍ തേടിയെങ്കിലും പൊലീസ് എല്ലായിടത്തും പരാജയപ്പെട്ടു. ജസ്നയെക്കുറിച്ച് ഒരു തുമ്പും കണ്ടെത്താനായില്ല. ഇതിനിടയില്‍ ജസ്നയെ പലയിടത്തും കണ്ടതായി വാര്‍ത്തകള്‍ പുറത്തുവന്നു. ബെംഗളൂരു, ചെന്നൈ, മലപ്പുറം അങ്ങനെ പലയിടത്തും ജസ്ന എത്തിയതായി വാര്‍ത്തകള്‍. പക്ഷേ അതെല്ലാം വാര്‍ത്തകളായി തന്നെ അവശേഷിച്ചു. ഒടുവില്‍ പൊലീസ് നാട്ടില്‍ പരാതിപ്പെട്ടി സ്ഥാപിച്ചു. അവിടെ നിന്നാണ് വാഗമണ്‍ പീരുമേടിന് സമീപത്തുള്ള പരുന്തുപാറയിലേക്ക് പോയിരിക്കാം എന്ന് സൂചന ലഭിക്കുന്നത്. കാരണം മുണ്ടക്കയത്ത് വന്നിറങ്ങിയ ജസ്ന വിജനമായ സ്ഥലമായ പരുന്തുംപാറയിേലക്ക് പോയിരിക്കാം. ഇനിയിപ്പോ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോകുകയായിരുന്നെങ്കിലും അവര്‍ വിജനമായ സ്ഥലം ആകും തിരഞ്ഞെടുക്കുക. ഇൗ നിഗമനങ്ങള്‍ പൊലീസിനെ പരുന്തുംപാറയിലേക്ക് എത്തിച്ചു. എന്നാല്‍ അവിടെയും നിരാശയായിരുന്നു ഫലം. കാടിളക്കി തിരച്ചില്‍ നടത്തിയെങ്കിലും പരുന്തുപാറയും പൊലീസിനെ കൈവിട്ടു.
അന്വേഷണത്തിന്റെ ഭാഗമായി ഒരുലക്ഷത്തിലേറെ ഫോണ്‍കോളുകള്‍ നിരീക്ഷിച്ചു, 250ലേറെ പേരെ ചോദ്യം ചെയ്തു, 130ലേറെ പേരുടെ മൊഴി രേഖപ്പെടുത്തി. പക്ഷേ അവള്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും തെളിയിക്കാന്‍ നൂറാംദിനത്തിലും പൊലീസിന് കഴിയുന്നില്ല. പിന്നീട് പൊലീസ് വണ്ടി എത്തിനിന്നത് ജെസ്നയുടെ വീടിന് മുന്നിലാണ്. ജസ്നയുടെ പിതാവിനെതിരെ നാട്ടില്‍ ഉയര്‍ന്ന ചില ആരോപണങ്ങള്‍ പൊലീസിനെ ആ വഴിക്ക് നടത്തി. അപ്പോഴും ചില സൂചനകളും തെളിവുകളും വീട്ടുകാരിലേക്ക് തന്നെ വിരല്‍ ചൂണ്ടി. മൂന്നു സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് പൊലീസിന്റെ യാത്ര.
1, വീട്ടിലെ ചില പ്രശ്നങ്ങളാകാം ജസ്നയെ നാടുവിടാന്‍ പ്രരിപ്പിച്ചിട്ടുണ്ടാകാം. ഇതിന് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ മറ്റാരുടെയോ സഹായം ലഭിച്ചിരിക്കാം.
2 ഇതെല്ലാം കണ്ടും കേട്ടും ഇപ്പോഴും സുരക്ഷിതമായ ഒരു സ്ഥലത്ത് ജസ്ന ഉണ്ട്. ഒന്നുകില്‍ ആരുടെയെങ്കിലും തടവില്‍. അതല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് തന്നെ അവള്‍ മറഞ്ഞിരിക്കുന്നു.
3 ഇതിനെല്ലാം വിപരീതമായി ജസ്നയ്ക്ക് എന്തോ ആപത്ത് സംഭവിച്ചിരിക്കാം. അങ്ങനെയെങ്കില്‍ പിന്നില്‍ ആരാണ്?