വലിയ കോളജിൽ പഠിച്ച് കെമിസ്ട്രിയില്‍ ഗവേഷണം നടത്തുകയെന്ന ആഗ്രഹത്തോടെയാണ് മൂന്നാറിലെ വട്ടവടയിൽ നിന്ന് ഒരു വർഷം മുൻപ് അഭിമന്യു എറണാകുളം മഹാരാജാസിൽ എത്തിയത്. എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന അഭിമന്യു ഇനി ക്യാംപസിലേക്ക് തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊളളാന്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞിട്ടില്ല.സൈമണ്‍ ബ്രിട്ടോ പറഞ്ഞ പോലെ ചക്രവ്യൂഹത്തിൽ നിന്ന് ഈ അഭിമന്യുവിനും ജീവനോടെ രക്ഷപ്പെടാൻ കഴിഞ്ഞില്ല. ജീവിച്ചും പഠിച്ചും കൊതി തീരാത്ത മഹാരാജാസ് ക്യാംപസിന് മുൻപിൽ തന്നെ കത്തിമുനയിൽ പൊലിഞ്ഞു തീർന്നു ഇരുപതുകാരന്റെ സ്വപ്നവും ജീവനും.
വട്ടവടയിലെ കൊട്ടകാമ്പൂരിൽ നിന്ന് ഉയർന്ന മാർക്കോടെ പ്ലസ് ടു വിജയിച്ചാണ് അഭിമന്യു മഹാരാജാസിൽ െകമിസ്ട്രി ബിരുദപഠനത്തിനായി എത്തുന്നത്. കൂലിപണിക്കാരനായ മനോഹരന്റെ മൂന്ന് മക്കളിൽ ഇളയവനായ അഭിമന്യുവിൽ തന്നെയായിരുന്നു ആ കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം തന്നെ. വട്ടവടയിലെ ഡിവൈഎഫ്ഐ മേഖലാ സമ്മേളനം പൂർത്തിയാക്കി ഇന്നലെ വൈകിട്ട് പച്ചക്കറി ലോറിയിൽ കയറിയാണ് അഭിമന്യു രാത്രിയോടെ കൊച്ചിയിലെത്തിയത്. നവാഗതരെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കാനായിരുന്നു ധൃതിപിടിച്ചുള്ള ആ വരവ്. മകൻ അപകടത്തിൽപ്പെട്ടന്നറിഞ്ഞ് ഇടുക്കിയിൽ നിന്ന് ഇന്ന് പുലർച്ചയോടെ ജനറൽ ആശുപത്രിയിലെത്തിയ മനോഹരന് താങ്ങാനാവുന്നതായിരുന്നില്ല ചലനമറ്റുള്ള മകന്റെ കിടപ്പ്. മഹാരാജാസ് ക്യാംപസ് മുദ്രാവാക്യം വിളികളോടെയാണ് അഭിമന്യുവിനെ ക്യാംപസിൽ നിന്ന് യാത്രയാക്കിയത്.