abhimanyu-jpg

നായകൻ മാത്രമായിരുന്നില്ല, ഗായകൻ കൂടിയായിരുന്നു അഭിമന്യു. പാടിയിരുന്നത് ഓരോരുത്തരുടെയും നെഞ്ചോടു ചേർന്നു നിന്നിരുന്ന നാടൻപാട്ടുകളും. അഭിമന്യുവിനെ ഓർത്ത് മഹാരാജാസ് വിതുമ്പുമ്പോൾ കലാലയ ഇടനാഴികളിലിരുന്ന് അവൻ പാടിയിരുന്ന നാടൻപാട്ടുകളും അവിടെ അലയടിച്ചു നില്‍‌പുണ്ട്. 

നാടൻപാട്ടുകൾ പാടുന്ന അഭിമന്യുവിൻറെ വിഡിയോ സുഹൃത്തുക്കള്‍ തന്നെയാണ് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പാട്ടുകളെല്ലാം വൈറലായിക്കഴിഞ്ഞു. കോളേജിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു നല്ലൊരു നാടൻ പാട്ടുകാരൻ കൂടിയായിരുന്ന അഭിമന്യു എന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. 

എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി ക്യാംപസിൽ ഓടിനടന്നിരുന്ന ആളായിരുന്നു അവൻ. കൊന്നുകളഞ്ഞല്ലോടാ നിങ്ങളവനെ എന്ന് രോഷവും സങ്കടവും സമം ചേർന്ന ശ്ബദത്തിലാണ് സുഹൃത്തുക്കൾ ചോദിക്കുന്നത്. കലാലയങ്ങളിൽ‌ വർഗ്ഗീയതയുടെ വിഷവിത്തുക്കൾ പാകുന്നവർക്ക് കേരളത്തിലെ ഒരു കലാലയവും മാപ്പു തരില്ലെന്നും ഇവർ പറയുന്നു. 

അഭിമന്യുവിനെക്കുറിച്ച് അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പറയാന്‍ നല്ലത് മാത്രം. തീരെ ദരിദ്രാവസ്ഥയിലുള്ള കുടുംബമായിരുന്നു അവന്‍റേത്. കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പങ്കെടുക്കാന് പോയതായിരുന്നു അവന്‍. അതുകഴിഞ്ഞ് ഇന്നലെ രാത്രിയോടെ സ്വന്തം നാടായ വട്ടവടയില്‍ നിന്ന് ഒരു പച്ചക്കറി ലോറിയില്‍ കയറിയാണ് അവന്‍ എറണാകുളത്തെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ ഉള്ള ഒരുക്കങ്ങള്‍ക്കായി ആയിരുന്നു തിടുക്കപ്പെട്ടുള്ള വരവ്. ആ വരവില്‍ പക്ഷേ തന്നെ കാത്തിരുന്നത് കൊലക്കത്തിയെന്ന് അവന്‍ അറിഞ്ഞില്ല.

എസ്എഫ്ഐയുടെ ജീവിക്കുന്ന രക്തസാക്ഷിയായ സൈമൺ ബ്രിട്ടോ അഭിമന്യുവുമായുള്ള ആത്മബന്ധം പറയുന്നത് ഇങ്ങനെ: 'വല്ലാത്ത വൈകാരിക ബന്ധമാണ് അവനുമായി ഉണ്ടായിരുന്നത്. അതിന് പ്രധാന കാരണം അഭിമന്യു വീട്ടില്‍ താമസിക്കുമായിരുന്നു. തമിഴാണ് അവന്റെ മീഡിയം. പക്ഷേ മലയാളം നന്നായിട്ട് എഴുതും. ഭാര്യയുമായി വര്‍ത്തമാനം പറയും. മകളുമായിട്ട് കളിക്കും. വീട്ടിലെ ഒരു അംഗത്തെപോലെയായിരുന്നു. എന്റെ കൂടെ കിടന്ന് ഉറങ്ങും. എനിക്ക് വീല്‍ ചെയര്‍ തള്ളി തരും. ഞാന്‍ എപ്പോഴും പറയുമായിരുന്നു പുരാണത്തിലെ അഭിമന്യുവിന് ചക്രവ്യൂഹത്തിന് അകത്ത് കയറാന്‍ സാധിച്ചു. പക്ഷേ തിരിച്ചിറങ്ങാന്‍ കഴിഞ്ഞില്ല എന്ന്. വളരെ നിഷ്ക്കളങ്കനായിരുന്നു അവന്‍. എല്ലാവരോടും സ്നേഹമാണ് അവന്. ക്യാമ്പസിലെ ഒരാളെ കുറിച്ചും മോശമായി പറഞ്ഞിട്ടില്ല. സര്‍ ഇതെഴുതി അവാര്‍ഡ് ഒക്കെ കിട്ടുമ്പോള്‍ എന്നെ ഓര്‍ക്കുമോ. എന്റെ പേരും കൂടി പറയണേ അതില്‍ എന്നൊക്കെ എപ്പോഴും പറയുമായിരുന്നു.