സിനിമാമേഖലയിൽ സ്ത്രീകൾക്കെതിരെയുളള അക്രമങ്ങൾക്കെതിരെ സ്ത്രീകൾ ഉറക്കെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. കാസ്റ്റിങ് കൗച്ചിനും സിനിമാ മേഖലയിലെ പീഡനങ്ങൾക്കുമെതിരെ മറ്റ് ഭാഷകളിൽ രൂപം കൊണ്ട സ്ത്രീ മുന്നേറ്റം മലയാള സിനിമയിലും ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ഇതിൽ അവസാനത്തെ പേരാണ് ശ്രുതി നമ്പൂതിരിയുടേത്. സംവിധായക, പാട്ടെഴുത്തുകാരി തുടങ്ങിയ നിലകളിൽ മലയാളികൾക്ക് ഏറെ സുപരിചിതയായ ശ്രുതി നമ്പൂതിരിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുകയാണ്. മലയാളത്തിലെ ഒരു മ്യൂസിക് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ശ്രുതി നമ്പൂതിരിയുടെ തുറന്നു പറച്ചിൽ.
തനിക്ക് 25 വയസോളം പ്രായമുളളപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുസ്ഥാനീയരായി കണ്ടവരിൽ നിന്നും അച്ഛന്റെ സ്ഥാനത്തു കണ്ടയാളുകളിൽ നിന്നാണ് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. ഒരു സംവിധായകനിൽ നിന്ന് തനിക്ക് ഞെട്ടിപ്പിക്കുന്ന അനുഭവം നേരിടേണ്ടി വന്നു. ആരോടും പരാതി പറയാനോ മനസ് തുറക്കാനോ തനിക്ക് കഴിയുമായിരുന്നില്ല. രാത്രി മുഴുവൻ കരഞ്ഞ് തീർക്കുകയായിരുന്നു. അയാൾ എന്നോട് വളരെ മോശമായാണ് പെരുമാറിയത്.
എനിക്കു നേരേ അശ്ലീല ആംഗ്യം കാണിച്ചത് വളരെയധികം വേദനിപ്പിച്ചു. അത് എത്ര ചെറിയ ജെസ്റ്ററാണെങ്കിലും തന്നെ വല്ലാതെ വേദനപ്പെടുത്തിയെന്നും ശ്രുതി പറഞ്ഞു. സെക്ഷ്വലി നമ്മളെ വല്ലാതെ മുറിവേൽപ്പിക്കുന്ന തരത്തിലുളള പെരുമാറ്റമായിരുന്നു അത്. എന്നെ ഇത്രയധികം മുറിവേൽപ്പിച്ചിട്ടും എനിക്ക് യാതൊന്നും ചെയ്യാനാകില്ലോർത്ത് സങ്കടമുണ്ടെന്നും ശ്രുതി പറഞ്ഞു.
സിനിമയിൽ ഇത്തരം ചൂഷണങ്ങൾ കൂടുതലാണ്. പക്ഷേ ഇപ്പോൾ അത് കുറഞ്ഞിട്ടുണ്ട്. ന്യു ജനറേഷൻ ഫിലിം മേയ്ക്കേഴ്സിനു അവരുടെ കരീയറാണ് വലുത്. ഇത്തരം കാര്യങ്ങൾ അല്ല. ഡബ്ലുസിസി വലിയ മാറ്റങ്ങൾക്കാണ് മലയാള സിനിമയിൽ നാന്ദി കുറിച്ചതെന്നും ശ്രുതി അഭിമുഖത്തിൽ പറഞ്ഞു.