bipin

വൈക്കം മുണ്ടാറിൽ പ്രളയകെടുതി റിപ്പോർട്ട് ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ് മരിച്ച മാതൃഭൂമി മാധ്യമ സംഘത്തിലെ ഡ്രൈവർ ബിബിൻ ബാബുവിന് നാടിന്റെ അന്ത്യാജ്ഞലി. കോട്ടയം പ്രസ്ക്ലബിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ പൊതു പ്രവർത്തകരും മാധ്യമപ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചു. വൈകുന്നേരം നാലുമണിക്ക് ജൻമനാടായ തിരുവല്ല ഓതറയിലാണ് സംസ്കാര ചടങ്ങ്. 

പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം പതിനൊന്നരയോടെ കോട്ടയം പ്രസ്ക്ലബിൽ ബിബിന്റെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ഉള്ളവരും മാധ്യമപ്രവർത്തകരും അന്ത്യാഞ്ജലിയർപ്പിച്ചു.

പൊതുദർശനത്തിനുശേഷം ജന്മനാടായ ഇരവിപേരൂർ കോഴി മലയിലേക്ക് മൃതദേഹം കൊണ്ടുപോയി. വൈകുന്നേരം നാലുമണിക്ക് കോഴിമല സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങ്. ബിബിനൊപ്പം അപകടത്തിൽ പെട്ട് മരിച്ച പ്രാദേശിക ലേഖകൻ സജിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ  സംസ്കരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ച വള്ളം കരിയാറിൽ മുങ്ങിയത്. വള്ളത്തിൽ ഉണ്ടായിരുന്ന അഞ്ച് പേരിൽ മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. രാവു പകലും നീണ്ട തിരച്ചിലിനൊടുവിൽ അഗ്നി രക്ഷാ സേനയാണ് ബിബിന്റയും സജിയുടെയു മൃതദേഹം കണ്ടെത്തിയത്.