wayand-home

താമരശ്ശേരി കണ്ണപ്പൻകുണ്ട് കളത്തിൽ കാസിമിന്റെ ഭാര്യ പാത്തുമ്മക്കുട്ടിക്കു ഉറക്കത്തിൽ ഉരുൾപൊട്ടി ആർത്തലച്ചെത്തിയ പ്രളയജലത്തിൽ വീടു മുങ്ങിയ കാഴ്ചയുടെ ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. വീടിന്റെ മുകൾ നിലയിൽ ഉറങ്ങാൻ കിടന്ന പാത്തുമ്മക്കുട്ടി കാതടപ്പിക്കുന്ന ഇരമ്പലും നാട്ടുകാരുടെ ഒച്ചയും ബഹളവും കേട്ടാണ് എഴുന്നേറ്റത്. കാര്യമറിയാതെ പുറത്തേക്കു ടോർച്ചടിച്ചു ജനാലവഴി നോക്കുമ്പോൾ വീടിനു ചുറ്റും പ്രളയജലം ആർത്തലച്ചൊഴുകുന്ന ഭയാനകമായ കാഴ്ച കണ്ട് ഞെട്ടിവിറച്ചു. 



തൊട്ടടുത്ത മുറിയിൽ പ്രായമായ ഉമ്മ അലീമയും അനുജത്തിയുടെ മകൾ മുന്നാ ജബിനും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഉടൻ ഇവരെയെല്ലാം വേഗം വിളിച്ചുണർത്തി. പെട്ടന്നാണ് താഴത്തെ നിലയിൽ കിടന്നുറങ്ങുന്ന ഭർത്താവിനെ ഓർമിച്ചത്. താഴെ നിലയിൽ വീടിനുള്ളിൽ വെള്ളം കയറിക്കൊണ്ടിരിക്കുന്നു. ഭർത്താവിനെ വിളിച്ചുണർത്താൻ താഴേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 



ഉച്ചത്തിൽ ഭർത്താവിനെ വിളിച്ചു നോക്കിയെങ്കിലും മലവെള്ളത്തിന്റെ ഇരമ്പലിൽ മുങ്ങിപ്പോയി. തൊട്ടടുത്ത മുറിയിൽ കാസിമിന്റെ സുഹൃത്തും ഉറക്കത്തിലായിരുന്നു. വീടിനുള്ളിൽ ഉയർന്നു കൊണ്ടിരുന്ന വെള്ളത്തിൽ പാത്രങ്ങളും മറ്റും തട്ടി തെറിച്ചൊഴുകുന്നു. താഴെ നിലയിലുള്ള രണ്ടുപേരെയും നഷ്ടപ്പെട്ടുവെന്നു കരുതിയ നിമിഷങ്ങൾ– ഓർമയിൽ പാത്തുമ്മകുട്ടിയുടെ കണ്ണുകൾ നിറ‍ഞ്ഞു. 



തങ്ങളും രക്ഷപ്പെടില്ലെന്ന് തോന്നിച്ച നിമിഷങ്ങൾ. അപ്പോഴേക്കും ഭർത്താവ് കാസിം രക്ഷപ്പെട്ട് മുകൾ നിലയിലേക്കെത്തി. ഉറക്കത്തിലായിരുന്ന കാസിം കട്ടിൽ ഇളകി പൊന്തുന്നതു പോലെ അനുഭവപ്പെട്ടപ്പോഴാണ് ഞെട്ടി ഉണർന്നത്. അപ്പോഴേക്കും മുറിയിൽ അരയ്ക്കൊപ്പം വെള്ളം പൊങ്ങിയിരുന്നു. 



ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിടിവള്ളിയായത് മുറിയിലുണ്ടായിരുന്ന റാക്ക്. ഇതിൽ പിടിച്ചു കയറി നിന്നു കതകിന്റെ പൂട്ട് കമ്പികൊണ്ട് ഏറെ സാഹസപ്പെട്ട് പൊളിച്ചാണ് വെള്ളത്തിലൂടെ നീന്തി പുറത്തു കടന്ന് രണ്ടാം നിലയിലെത്തിയത്. ഇതോടെ പാത്തുമ്മകുട്ടിക്കും കുടുംബത്തിനും ആശ്വാസമായി. 



എന്നാൽ വീട് വെള്ളത്തിൽ മുങ്ങികൊണ്ടിരിക്കുന്നതു കണ്ടതോടെ രക്ഷപ്പെടുമെന്ന തോന്നൽ അസ്തമിച്ചിരുന്നു. ഇതോടെ ഈ കുടുംബം പ്രാർഥനയിൽ മുഴുകി കഴിയുമ്പോഴാണ് ഫയർ ഫോഴ്സ് സംഘം എത്തിയത്. വീട്ടിലുണ്ടായിരുന്ന അഞ്ചുപേരെയും കൊട്ടകെട്ടി താഴെയിറക്കിയാണ് രക്ഷിച്ചത്. ഉരുൾപൊട്ടി സർവവും നഷ്ടപ്പെട്ട ഈ കുടുംബം ദുരന്തം നൽകിയ പേടിപ്പെടുത്തുന്ന ഓർമയുമായി പുരധിവാസ ക്യാംപിൽ കഴിയുകയാണ്