കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ.യൂസഫലി അഞ്ചു കോടി രൂപ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക കൈമാറുക. ദുരിതബാധിതരായ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മനോരമ നടത്തുന്ന 'കൂടെയുണ്ട് നാട്' ദുരിതാശ്വാസ പദ്ധതിയിലേക്ക് ഒരു കോടി രൂപയും യൂസഫലി നേരത്തെ സംഭാവന ചെയ്തിരുന്നു. മൊത്തം ഏഴു കോടി രൂപയാണ് പ്രകൃതി ദുരന്തത്തില്‍പെട്ടവരെ സഹായിക്കാനായി ലുലു ഗ്രൂപ്പ് നല്‍കിയത്.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ വേദന ഹൃദയഭേദകമാണ്. ഈ അവസരത്തില്‍ നമ്മുടെ സഹോദരങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും യൂസഫലി പറഞ്ഞു.
ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി യൂണിമണിയുടെയും യുഎഇ എക്സ്ചേഞ്ചിന്റെയും ചെയർമാൻ ഡോ. ബി.ആർ.ഷെട്ടിയും രംഗത്തെത്തി. രണ്ട് കോടി രൂപയുടെ സഹായം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അദ്ദേഹം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കൂടാതെ കേരളത്തിലെ വിപുലമായ യൂണിമണി ശൃംഖലയിലെ നൂറുകണക്കിന് ജീവനക്കാരും സന്നദ്ധ സഹായ പ്രവർത്തനങ്ങളുമായി ദുരിതബാധിത പ്രദേശങ്ങളിൽ സേവനരംഗത്ത് ഇറങ്ങിയതായി ഡോ. ഷെട്ടി അറിയിച്ചു. ജനങ്ങളെ മാറ്റിപ്പാർപ്പിച്ച അടിയന്തര കേന്ദ്രങ്ങളിൽ ആഹാരസാധനങ്ങളും മരുന്നുകളും രക്ഷാ സാമഗ്രികളും മറ്റും എത്തിക്കുന്നതിൽ ഇവർ വ്യാപൃതരാണ്.
തന്റെ ജീവിതവൃത്തവുമായി ഏറ്റവുമടുത്ത കേരളീയ സമൂഹത്തിന്റെ ഈ അപ്രതീക്ഷിത ദുരന്തത്തിൽ അഗാധമായ ഖേദമുണ്ടെനും ഇരകളാക്കപ്പെട്ട സഹോദരങ്ങൾക്ക് തങ്ങളാലാവുന്ന പരമാവധി സഹായമെത്തിക്കുമെന്നും ഡോ. ബി.ആർ.ഷെട്ടി പറഞ്ഞു.