nelliyampathy-road1f

ഉരുള്‍പൊട്ടലില്‍ റോ‍ഡ് തകര്‍ന്ന നെല്ലിയാമ്പതിയിലേക്കുളള ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ വൈകും. പുതിയപാലങ്ങളും റോ‍ഡും നിര്‍മിക്കണമെങ്കില്‍ കോടികള്‍ വേണ്ടിവരും. അതേസമയം ബദല്‍ പാതകളുടെ സാധ്യതയും പൊതുമരാമത്ത് വിഭാഗത്തിന്റെ പരിഗണനയിലാണ്.

 

ഉരുള്‍പൊട്ടലില്‍ റോഡിലേക്ക് വീണ വലിയ കല്ലുകളും മണ്ണുമെല്ലാം ഭാഗീകമായി നീക്കിയിട്ടുണ്ട്. െചറിയ വാഹനങ്ങള്‍ക്ക് മാത്രം ഇപ്പോള്‍ കടന്നുപോകാം. പക്ഷേ പലയിടങ്ങളിലായി മലയിടിഞ്ഞ് ഏത് നിമിഷവും റോഡിലേക്ക് പതിക്കാവുന്ന നിലയിലാണ്. പൂര്‍ണമായും ഗതാഗതം പുനസ്ഥാപിക്കാന്‍ മാസങ്ങളെടുക്കും. രണ്ട് മലകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കുണ്ട്റു ചോലയിലെ പാലം തകര്‍ന്നതോടെ ഇവിടെ ചാക്കുകള്‍ അടുക്കിയാണ് വാഹനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇപ്പോഴും മഴവെളളപ്പാച്ചിലിന് കുറവില്ല. പരമാവധി പത്തുമീറ്റര്‍ അകലത്തില്‍ വെളളം ഒഴുകിപ്പോകാനുളള വിധത്തില്‍ പാലം നിര്‍മിക്കാനാണ് പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ തീരുമാനം.‌

 

കനത്തമഴയും മണ്ണിടിച്ചിലുമാണ് നെല്ലിയാമ്പതി മലനിരകളില്‍ ഇപ്പോഴുമുളളത്. വിനോദസഞ്ചാരമേഖലയ്ക്കുകൂടി തിരിച്ചടിയാണിത്. പന്ത്രണ്ട് ഇടങ്ങളില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് തകര്‍ന്നിട്ടുണ്ട്. ഇതുള്‍പ്പെടെ നിര്‍മിക്കണമെങ്കില്‍ കോടികള്‍ ചെലവഴിക്കണം.

 

അതേസമയം നെല്ലിയാമ്പതിയിലേക്ക് വനത്തിലൂടെയുളള രണ്ട് ബദല്‍പാതകള്‍ ഉണ്ടെങ്കിലും ഗതാഗതയോഗ്യമാക്കിയിട്ടില്ല. നെല്ലിയാമ്പതിയില്‍ നിന്ന് പുലയംപാറ, ആനമട, തേക്കടി വഴി പറമ്പിക്കുളം സേത്തുമടയില്‍ എത്തിച്ചേരുന്ന റോഡിന്റെ സാധ്യത പരിശോധിച്ചുവരികയാണെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.