ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം പോയ യുവതിയെ തിരികെ ഭർത്താവിനൊപ്പം അയയ്ക്കാനുള്ള ശ്രമത്തിനിടെ യുവതി കോടതിയ്ക്കുള്ളിൽ ബോധംകെട്ടു വീണു. ആശുപത്രി വാസമുൾപ്പെടെ പൊല്ലാപ്പു പൊലീസിന്. ഒടുവിൽ ഒരുവിധം അനുനയത്തിലായ യുവതി ഭർത്താവിനു പകരം മാതാവിനൊപ്പം പോയി. കോവളം പൊലീസിനാണു കഴിഞ്ഞ ദിവസം പണി കിട്ടിയത്.
പ്രദേശവാസിയുടെ ഭാര്യയെ കാണാനില്ലെന്ന പരാതി അന്വേഷിച്ചപ്പോൾ യുവതി ഫെയ്സ്ബുക് സൗഹൃദത്തിലൂടെ കണ്ടെത്തിയ കാമുകനോടൊപ്പം കോഴിക്കോട്ടും തുടർന്നു കോയമ്പത്തൂരിലും പോയതായി വിവരം കിട്ടി. യുവതിയെ കണ്ടെത്തി കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം വിടാനാവില്ലെന്നും ഭർത്താവിനൊപ്പം പോകണമെന്നും ജഡ്ജി നിർദേശിച്ചപ്പോഴായിരുന്നു യുവതി ചേംബറിൽ കുഴഞ്ഞു വീണത്.
ആശുപത്രിയിൽ ഡ്രിപ് തീരുന്നതു വരെ വനിതാ പൊലീസ് ഉൾപ്പെടെ കാവലിരുന്നു. പിന്നീടു കൗൺസലിങ്ങിലൂടെ അനുനയപ്പെട്ടുവെങ്കിലും ഭർത്താവിനൊപ്പം പോകില്ലെന്ന കടുത്ത നിലപാടെടുത്ത യുവതിയെ മാതാവിനൊപ്പം പോകാൻ അനുവദിക്കുക ആയിരുന്നുവെന്നു കോവളം പൊലീസ് പറഞ്ഞു.