river-crisis-t

TAGS

പ്രകൃതിയുടെ മഴവെള്ള സംഭരണികള്‍ നികത്തിയതാണ് കേരളത്തിലെ നദികള്‍ വേഗം ശോഷിക്കാന്‍ കാരണമായതെന്ന് പഠനം. പ്രളയത്തിന് ശേഷം ആറുകളിലുണ്ടായ മാറ്റങ്ങള്‍ കണ്ടറിയാന്‍ നദി സംരക്ഷണ സമിതി ഭാരവാഹികള്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. പുഴകളെ വീണ്ടെടുക്കാന്‍ ജനകീയ യജ്ഞത്തിന് സര്‍ക്കാര്‍ പദ്ധതിയെന്ന ആവശ്യം ശക്തമാകുന്നു.  

 

സ്പോഞ്ചു പോലെ മഴവെള്ളം പിടിച്ചുവെച്ചിരുന്ന വനങ്ങള്‍ ഇന്നില്ലാത്തതാണ് ആറുകള്‍ മെലിയാനുള്ള പ്രധാന കാരണം. മലയോര പ്രദേശങ്ങളില്‍ തലങ്ങും വിലങ്ങും വന്ന റോ‍ഡുകള്‍ വെള്ളത്തിന്റെ ഒഴുക്കിന് വേഗം കൂട്ടി. മലമടക്കുകളിലും, പുഴയുടെ തീരങ്ങളിലും ഉണ്ടായിരുന്ന 75 ശതമാനം പാടങ്ങളും നികത്തിയ നിലയിലാണ്. വെള്ളം തടഞ്ഞു നിര്‍ത്താനുള്ള തടയണികളില്‍ ചെളി അടിഞ്ഞു കൂടിയത് ഒഴുക്കിനെ സാരമായിതന്നെ ബാധിച്ചു. ആറുകളിലേക്ക് വെള്ളം എത്തിച്ചിരുന്ന തോടുകള്‍ മെലിഞ്ഞു, പലതും അപ്രത്യക്ഷവുമായി. പ്രളയത്തിന് ശേഷം വീടുകളുടെ പുനര്‍സംയോജനം ഏര്‍പ്പെടുത്തുന്നത് പോലെ തോടുകളെയും പരിഗണിക്കണം എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. 

 

മീനച്ചിലാറിന്റെ കൈവഴികളായ തോടുകള്‍ വീണ്ടെടുക്കാനുള്ള പദ്ധതി പുരോഗമിക്കുന്ന ഘട്ടത്തിലാണ് പ്രളയം ശക്തമായത്. 3000 കിലോമീറ്റര്‍ നീളുന്ന തോടുകളിലെ 900 കിലോമീറ്ററോളം കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ വീണ്ടെടുക്കാന്‍ സാധിച്ചു. ഇത്തരം ജനകീയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ കൂടി നല്‍കിയാല്‍ നദികളുടെ വീണ്ടെടുക്കല്‍ വേഗത്തില്‍ സാധ്യമാവും.