ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് പരോളിലിറങ്ങി വിവാഹിതനായി. പുതുച്ചേരിയിലെ സിദ്ധാന്തന്‍കോവിലില്‍ അടുത്ത ബന്ധുക്കളെ സാക്ഷി നിറുത്തിയാണ് വധുവിന് താലി ചാര്‍ത്തിയത്. വടകര സ്വദേശനിയാണ് വധു.
വിയ്യൂര്‍ സെൻട്രൽ ജയിലില്‍ ജീവപര്യന്ത്യം തടവുശിക്ഷ അനുഭവിച്ചുവരുന്ന മനോജ് പതിനൊന്ന് ദിവസത്തെ പരോളിനിറങ്ങിയാണ് കുടുംബജീവത്തിന് തുടക്കം കുറിച്ചത്. മതചാര ചടങ്ങുകളോടെയായിരുന്നു വിവാഹം. മാഹി പന്തക്കല്‍ സ്വദേശിയാണ് കിര്‍മാണി മനോജ്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനും അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും മനോജ് പ്രതിയാണ്.
വിവാദങ്ങള്‍ ഒഴിവാക്കാനാണ് പുതുച്ചേരിയിലേക്ക് കല്യാണ ചടങ്ങ് മാറ്റിയതെന്നാണ് സൂചന. ടി.പി.കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയും കഴിഞ്ഞവര്‍ഷം പരോളിലിറങ്ങി കല്യാണം കഴിച്ചിരുന്നു. എ.എന്‍.ഷംസീര്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ ഈ ചടങ്ങില്‍ പങ്കെടുത്തത് വിവാദമാവുകയും ചെയ്തിരുന്നു.