kirmani-manoj

ടി.പി.വധക്കേസ് പ്രതി കര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസില്‍ പരാതി നല്‍കി. ബഹറിനില്‍ ജോലി ചെയ്യുന്ന  യുവാവാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ സമീപിച്ചത്. ഇന്നലെയായിരുന്നു കിര്‍മാണി മനോജിന്‍റെ വിവാഹം.  മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതയാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്. 

പരാതി വടകര സി.ഐയ്ക്ക് കൈമാറിയതിനെ തുടര്‍ന്ന്  വിശമദമായ മൊഴിയെടുക്കുന്നതിനായി പരാതിക്കാരെ വിളിച്ചുവരുത്തി. മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ്  11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണ് വിവാഹം കഴിച്ചത്.

കിര്‍മാണി മനോജെന്ന മാഹി പന്തലക്കല്‍ സ്വദേശി മനോജ് കുമാറിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ടി.പി ചന്ദ്രശേഖരന്‍റെ നാട്ടുകാരി കൂടിയായ യുവതിയെയാണ് കിര്‍മാണ മനോജ് വടകരയില്‍ നിന്നും 800 കിലോമീറ്റര്‍ അപ്പുറത്തുള്ള പുതുച്ചേരി സിന്ധാന്തന്‍ കോവില്‍ വച്ചുതാലി കെട്ടിയത്. വിവാദം പേടിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്. 

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളുടെ വാര്‍ത്തകള്‍ എപ്പോഴും വന്‍ വിവാദങ്ങള്‍‌ക്കാമ് തിരി കൊളുത്താറുള്ളത്. മുഖ്യപ്രതി ടി.പി.കുഞ്ഞനന്തന്റെ പരോള്‍ മുതല്‍  മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹ സമയത്ത് തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍  അടക്കമുള്ള സി.പി.എം നേതാക്കള്‍ പങ്കെടുത്തതു വരെ വിവാദങ്ങള്‍‌ പലതുണ്ടായി.