രാഷ്ട്രീയമില്ലാതെ സൗഹൃദമധുരമേകി ഒ രാജഗോപാല്‍ എംഎല്‍എയുടെ നവതിയാഘോഷം പാലക്കാട്ട് നടന്നു. അധികാരത്തില്‍ ഒരു ദുര്‍മേദസും ഏല്‍ക്കാത്തയാളാണ് രാജഗോപാലെന്ന് മഹാരാഷ്ട്ര മുൻഗവർണർ കെ ശങ്കരനാരായണൻ പറഞ്ഞു. ജില്ലയിലെ ബിജെപി നേതാക്കളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പൂച്ചെണ്ടുകള്‍ നല്‍കിയും ഹാരമണിയിച്ചും പാലക്കാട്ടുകാരനായ ഒ രാജഗോപാലിനെ നാട് ആദരിച്ചു. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുരളീധർ റാവു, മഹാരാഷ്ട്ര മുൻഗവർണർ കെ ശങ്കരനാരായണൻ എന്നിവര്‍ ചേര്‍ന്ന് രാജഗോപാലിന് മധുരം നല്‍കി.തുടര്‍ന്ന് മുരളീധർ റാവുവിന്റെ സന്ദേശം. കുറച്ചു മധുരം മാത്രമേ രാജഗോപാല്‍ സ്വീകരിക്കുകയുളളുവെന്നും കിട്ടുന്നതെല്ലാം ദാനം ചെയ്യാനാണ് അദ്ദേഹത്തിന് താല്‍പര്യമെന്നും റാവുവിന്റെ വാക്കുകള്‍.
അധികാരത്തിന്റെ ദുർമേദസില്ലാത്ത രാജഗോപാൽ മലിനമാകാത്ത ഗംഗാജലമാണെന്നു മഹാരാഷ്ട്ര മുന്‍ ഗവർണർ കെ.ശങ്കരനാരായണൻ പറഞ്ഞു. രാഷ്ട്രീയം നിര്‍ത്തരുതെന്നും താനും നിര്‍ത്തുന്നില്ലെന്നും ശങ്കരനാരായണന്‍. എംബി രാജേഷ് എംപിയും എംഎല്‍എമാരായ ഷാഫി പറമ്പിലും കെ.കൃഷ്ണന്‍കുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻപിളളയും ഉള്‍പ്പെടെയുളള നേതാക്കളും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തരുമൊക്കെ ചടങ്ങില്‍ സാന്നിധ്യമായി.