endosulfan

TAGS

കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രതിഷേധവുമായി എൻഡോസൾഫാൻ ദുരിതബാധിതർ. ഇരകൾക്ക് നൽകുന്ന സഹായത്തിന്റെ പകുതി ബാധ്യത ഏറ്റെടുക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബുധനാഴ്ച കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ദുരിതബാധിതരും, കുടുംബാംഗങ്ങളും ധർണ നടത്തും.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ് കേന്ദ്ര സഹായത്തിന് ആദ്യം ശ്രമം തുടങ്ങിയത്.പിന്നാലെയെത്തിയ ഉമ്മൻ ചാണ്ടി സർക്കാരും അഭ്യർഥനകൾ തുടർന്നു. ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരമുൾപ്പെടെ 483 കോടി രൂപയുടെ വിശദമായ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് സമർപ്പിച്ചു.സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, മാതൃകാ പുനരധിവാസകേന്ദ്രം, പ്രദേശത്തെ പ്രാഥമിക,സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ പ്രത്യേക വികസന പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുത്തി. ഈ അഭ്യർഥന കേന്ദ്രം തള്ളിയതോടെ ഇരകളുടെ പുനരധിവാസപദ്ധതികളിൽ നിന്നു സംസ്ഥാന സർക്കാർ പിറകോട്ടു പോകുമോയെന്ന ആശങ്കയേറുകയാണ്.

ദേശീയമനുഷ്യാവകാശ കമ്മിഷന്റെയും സുപ്രീംകോടതിയുടെയും നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന് 449 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുണ്ടെന്നും. പെൻഷൻ നല്കാനായി പ്രതിവർഷം 10.32 കോടി രൂപ ചെലവുണ്ടെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. 2012മുതൽ ദേശീയാരോഗ്യമിഷനു കീഴിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പുനരധിവാസം,അമ്മമാർക്കുള്ള കൗൺസലിങ് തുടങ്ങിയവയ്ക്കായി 22.19 കോടി രൂപയാണ് കേന്ദ്രസർക്കാർ ഇതുവരെ നൽകിയത്.