paddy-machine

കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന നെല്ല് ഉണക്കുന്ന മൊബൈല്‍ യന്ത്രമാണിത്. കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണത്തിന്റെ മറ്റൊരു മുഖം. പാടത്തും പറമ്പിലും വീട്ടുമുറ്റത്തും എവിടെ വേണമെങ്കിലും എത്തിക്കാം. നെല്ലറയുടെ നാടായ പാലക്കാട്ട് കേരളത്തില്‍ ഇതാദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ എത്തിച്ചു. നെല്ല് ഉണക്കിയെടുക്കാവുന്ന യന്ത്രത്തിന് കര്‍ഷകരുടെ ഇടയില്‍ സ്വീകാര്യതയേറുകയാണ്. വാണിജ്യതാല്‍പര്യമെന്നോണം കൂടുതല്‍ യന്ത്രങ്ങള്‍ ഇന്ന് രാജ്യത്ത് നിലവിലില്ല. അടുത്തിടെ പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഒരു മണിക്കൂറുകൊണ്ട് രണ്ടായിരം കിലോ നെല്ല് ഉണക്കിയെടുക്കാം. കൊയ്്ത്തുകഴിഞ്ഞ് നെല്ല് ഉണക്കാനായി തൊഴിലാളികളെ കിട്ടാത്ത പ്രശ്നത്തിന് പരിഹാരം. 

മാത്രമല്ല നെല്ല് ഉണങ്ങാന്‍ നല്ല വെയില്‍ കിട്ടുന്നതിനായി കാലാവസ്ഥ ‌അനുകൂലമാകുന്നതിനും കാത്തിരിക്കേണ്ടതില്ല. ഇൗ പ്രതിസന്ധികളെയൊക്കെ നേരിടാന്‍ കര്‍ഷകര്‍ക്ക് മൊബൈല്‍ യന്ത്രം പ്രയോജനപ്പെടും. കൊയ്്ത്തു നടക്കുമ്പോള്‍ തന്നെ പാടങ്ങളില്‍ വച്ചു തന്നെ െനല്ല് വേര്‍തിരിച്ച് ഉണക്കിയെടുത്ത് ചാക്കില്‍ സൂക്ഷിക്കാം. സപ്ളൈകോ പോലുളള ഏജന്‍സികള്‍ നെല്ല് സംഭരിക്കുന്നത് നിശ്ചിത ശതമാനം ഗുണമേന്മ പരിശോധിച്ചിട്ടാണ്. ഇത് ക്രമീകരിച്ച് ആവശ്യമായ ചൂടില്‍ നെല്ല് ഉണക്കിയെടുക്കാനും മൊബൈല്‍ ഉണക്ക് യന്ത്രം സഹായിക്കും. 

പാലക്കാട്ടെ ആലത്തൂര്‍ താലൂക്കിലെ വിവിധ പാടശഖരങ്ങളിലാണ് ഇപ്പോള്‍ യന്ത്രത്തിന്റെ ഉപയോഗം. പഞ്ചാബില്‍ നിന്ന് തമിഴ്നാട്ടിലെ ഇൗറോഡുളള കാര്‍ഷിക ഉല്‍പ്പാദന കമ്പനി വാങ്ങിയ യന്ത്രമാണിത്. അവിടെ നിന്നും കുറഞ്ഞവാടകയിലാണ് യന്ത്രം ആലത്തൂരില്‍ എത്തിച്ചത്. മണ്ഡലത്തിലെ നിറ പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍ കൃഷിഭവന്‍ താല്‍പര്യമെടുത്ത് കുറഞ്ഞവാടകയിലാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. പാടശേഖരസമിതികളും മറ്റ് കാര്‍ഷികവികസന സഹകരണ ബാങ്കുകളും ഇത്തരം യന്ത്രം വാങ്ങിയാല്‍ കൂടുതല്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടും.