rahul-wife

 

സുപ്രീം കോടതി വിധിക്കെതിരെ പൊട്ടിത്തെറിച്ച് ദീപ രാഹുൽ ഈശ്വർ. ഒരു കാരണവശാലും മലകയറില്ല, പടി ചവിട്ടില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പോരാടുക തന്നെ ചെയ്യും. ആർട്ടിക്കിൾ 25 ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്നും ദീപ പ്രതികരിച്ചു. 

 

ജെല്ലിക്കെട്ടിനെതിരെ പോരാടിയത് പോലെ തന്നെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പോരാടും. മത വിശ്വാസം വ്രണപ്പെടുത്താൻ അനുവദിക്കില്ല, അതിനുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കും– രാഹുല്‍ ഈശ്വറിനൊപ്പം ഭാര്യ പറഞ്ഞു. റിവ്യൂ പെറ്റീഷന്‍ നല്‍കും. എല്ലാ മത വിഭാഗവുമായി ചര്‍ച്ച നടത്തും. ആര്‍ട്ടിക്കിള്‍ 25 ദുര്‍ബലപ്പെടുത്തില്ല– അവര്‍ പറഞ്ഞു. ‌

 

സുപ്രീംകോടതിവിധിയില്‍ ദേവസ്വംബോര്‍ഡിനും തന്ത്രികുടുംബത്തിനും പന്തളം രാജകുടുംബത്തിനും നിരാശയാണ്. വിശ്വാസികളുടെ താല്‍പര്യം അര്‍ഹിക്കുംവിധം പരിഗണിക്കപ്പെട്ടില്ല എന്നാണ് മൂവരുടേയും നിലപാട്. എന്നാല്‍ വിധി അംഗീകരിക്കുകയും പാലിക്കുകയും ചെയ്യുമെന്ന് ബോര്‍ഡ് അധ്യക്ഷന്‍ എ.പദ്മകുമാറും തന്ത്രി കണ്ഠര് രാജീവരും പറഞ്ഞു.

 

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള നിയന്ത്രണം തുടരണമെന്ന് സുപ്രീംകോടതിയില്‍ നിലപാടെടുത്ത പ്രധാനകക്ഷികളാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും തന്ത്രികുടുംബവും പന്തളം രാജകുടുംബവും. വിധി ഏറ്റവും പ്രയാസത്തിലാക്കിയത് അത് നടപ്പാക്കേണ്ട ചുമതലകൂടിയുള്ള ദേവസ്വംബോര്‍ഡിനെയാണ്. 

 

ക്ഷേത്രത്തിന്റെ നിലനില്‍പ്പിനാധാരമായ ആചാരങ്ങളില്‍ ഭംഗം വരുന്നത് നിരാശയുണ്ടാക്കുന്നുവെന്ന് തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു. എന്നാല്‍ പൗരനെന്ന നിലയില്‍ വിധി മാനിക്കുന്നു. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പന്തളം രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചേക്കും. സുപ്രീംകോടതി വിധി നടപ്പാക്കുമ്പോള്‍ ആചാരങ്ങളില്‍ വരുന്ന മാറ്റം ക്രമപ്പെടുത്തുകയും ഭക്തരെ ബോധ്യപ്പെടുത്തുകയും ചെയ്യാനുള്ള ബാധ്യതകൂടി സ്ത്രീപ്രവേശനത്തെ എതിര്‍ത്തവര്‍ക്ക് ഏറ്റെടുക്കേണ്ടിവരും.