നൂറ്റിമുപ്പത്തിയെട്ടിന്റെ നിറവിൽ വേദിവിട്ടൊഴിഞ്ഞ പള്ളിയോട മുത്തച്ഛന് സ്നേഹനിർഭര വിട. ഏറ്റവും പഴക്കമേറിയവയിലൊന്നായ ഉമയാറ്റുകര പള്ളിയോടം ആഘോഷപൂർവം ആറൻമുള ഹെറിറ്റേജ് ട്രസ്റ്റിന് കൈമാറി. പുതിയ പള്ളിയോടം നിർമിച്ചതോടെയാണ് പഴയത് കൈമാറാൻ നാട്ടുകാർ തീരുമാനിച്ചത്.
നൂറ്റാണ്ടിന്റെ സാംസ്കാരിക പൈതൃകം പേറുന്ന ഈ ജലയാനം ഇനി ചരിത്രമാണ്. നൂറ്റിമുപ്പത്തിയെട്ട് വർഷത്തെ ജലശയനത്തിനുശേഷം ഉമയാറ്റുകരയുടെ അഭിമാനമായ ഈ പള്ളിയോടം ഇനി കരയിലിരുന്ന് ചരിത്രം പറയും. ദഹിപ്പിച്ചു കളയുകയെന്ന പതിവ് രീതിക്ക് പകരം ആറൻമുള പൈതൃക മ്യൂസിയത്തിന് കൈമാറാനായിരുന്നു കരക്കാരുടെ തീരുമാനം. പള്ളിയോടത്തിന്റെ രേഖകൾ ആഘോഷമായി അധികൃതർക്ക് കൈമാറി. ചരിത്രത്തെ സംരക്ഷിക്കാൻ തയാറായ നാട്ടുകാരുടെ മനസിനെ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അഭിനന്ദിച്ചു.
പമ്പയുടെ തീരത്ത് ദീപാലംകൃതമായൊരുക്കിയ വേദിയിൽ നാട്ടുകാർ പഴയ പള്ളിയോടത്തിന് വിട ചൊല്ലി. കാലം കഴിഞ്ഞ പള്ളിയോടങ്ങൾക്കൊന്നും ലഭിക്കാത്ത ഭാഗ്യവുമായി തിരുവാറൻമുളയപ്പന്റെ നാട്ടിൽ ഉമയാറ്റുകരയുടെ അഭിമാനം ഇനി വിശ്രമിക്കും.