dam

പ്രളയശേഷവും സംസ്ഥാനത്തെ അണക്കെട്ടുകളെല്ലാം സുരക്ഷിതമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഡാമുകളുടെ പരമാവധി സംഭരണ ശേഷി നിശ്ചയിക്കാന്‍ കൂടുതല്‍ വിദഗ്ധ പഠനം വേണമെന്നും ശുപാര്‍ശ. പ്രളയകാലത്ത് കവിഞ്ഞൊഴുകിയ പെരിങ്ങല്‍ക്കുത്ത് ഡാമിനെക്കുറിച്ച് പ്രത്യേകം പഠിക്കണമെന്നും നിര്‍ദേശം. 

മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കുണ്ടായ പ്രളയകാലം സംസ്ഥാനത്തെ ഡാമുകളെ ദോഷകരമായി ബാധിച്ചിട്ടില്ലെന്നാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. പ്രളയജലം ഒഴുക്കികളയാനുള്ള കരുത്തും ശേഷിയും ഡാമുകളുടെ സ്പില്‍വേകള്‍ക്കും ഷട്ടറുകള്‍ക്കുമുണ്ടായിരുന്നെന്നും സമിതി വിലയിരുത്തി. തമിഴ്നാടിന്റെ അധികാരത്തിലുള്ള മുല്ലപ്പെരിയാര്‍ ഒഴികെ മറ്റ് പ്രധാന ഡാമുകളെല്ലാം സന്ദര്‍ശിച്ചാണ് രാജ്യാന്തര ഡാം സുരക്ഷാ വിദഗ്ധന്‍ ബാലു അയ്യറുടെ നേതൃത്വത്തിലെ സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്. ഡാമുകളെല്ലാം സുരക്ഷിതമെങ്കിലും പ്രളയം ഒരു മുന്നറിയിപ്പായി കണ്ട് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്ന ശുപാര്‍ശയും മുന്നോട്ട് വയ്ക്കുന്നുണ്ട്. 

ഇടുക്കി അടക്കമുള്ള ഡാമുകളുടെയെല്ലാം പരമാവധി സംഭരണ ശേഷി നിശ്ചയിക്കാന്‍ ഹൈഡ്രോളജി പഠനം വേണമെന്നാണ് പ്രധാന ശുപാര്‍ശ. പരമാവധി വെള്ളമെത്തുമ്പോള്‍ ഓരോ ഡാമിനുമുണ്ടാവുന്ന മാറ്റങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് സംഭരണ ശേഷി നിശ്ചയിക്കണം. ഉയരം കൂട്ടിയോ ചെളി നീക്കം ചെയ്തോ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ശുപാര്‍ശയുണ്ട്. പ്രളയകാലത്ത് പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞൊഴുകിയിരുന്നു. പ്രത്യക്ഷത്തില്‍ ഈ ഡാം സുരക്ഷിതമാണങ്കിലും കൂടുതല്‍ പഠനം വേണമെന്ന പ്രത്യേക നിര്‍ദേശവും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.