സംസ്ഥാനത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി. സര്‍ക്കാരിന്‍റെ ഉത്തരവുകളും ട്രായ് യുടെ നിര്‍ദേശങ്ങളും പാലിക്കാതെയാണ് പല സ്ഥലത്തും ടവറുകളുടെ നിര്‍മാണം നടക്കുന്നതെന്നാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കണ്ടെത്തല്‍. കോഴിക്കോട് ജില്ലയില്‍ അടുത്തിടെ നിര്‍മിച്ച രണ്ടിടങ്ങളിലും മാനദണ്ഡം പാലിക്കപ്പെട്ടിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഇതിന് ഒത്താശ നല്‍കുന്നതായാണ് ആക്ഷേപം.
കൊടുവള്ളിയില്‍ അടുത്തിടെ സ്ഥാപിച്ച ടവറുകൾ.. ആന്‍റിനയ്ക്ക് അഭിമുഖമായി നാല്‍പ്പത്തിയഞ്ച് മുതല്‍ അമ്പത്തിയഞ്ച് മീറ്റര്‍ വരെ മറ്റൊന്നും പാടില്ല എന്നാണ് ചട്ടം. എന്നാല്‍ കുന്നിന് താഴെ നിര്‍മിച്ചിരിക്കുന്ന ടവര്‍ അഭിമുഖീകരിക്കുന്നത് വീടിനെയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ഡിപ്പാര്‍ട്ട് മെന്‍റ് ഓഫ് ടെക്നോളജിയാണ് ഇഎംഎഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ ടവറില്‍ ആന്‍റിന സ്ഥാപിക്കുന്നതിന് മുമ്പാണ് ചട്ടങ്ങള്‍ പാലിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മഴക്കാലമായാല്‍ സ്ഥിരം മണ്ണിടിച്ചില്‍ ഉണ്ടാകുന്ന മേഖലയാണെന്ന കാര്യം പരിഗണിക്കാതെയാണ് നഗരസഭ അനുമതി നല്‍കിയത്. സമീപവാസികളുടെ എതിര്‍പ്പ് ഉണ്ടെങ്കില്‍ നിര്‍മാണം പാടില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടു.
മറ്റു ജില്ലകളിലും സമാനമായ രീതിയില്‍ നിയമലംഘനം നടന്നിട്ടുണ്ടാകാമെന്നാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിഗമനം. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തും. എന്നാല്‍ ടവര്‍ നിര്‍മാണത്തിന്‍റെ പേരില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കാനോ നടപടിയെടുക്കാനോ നിലവില്‍ സംവിധാനങ്ങളൊന്നുമില്ല.