കേരളത്തിൽ നിന്ന് ഈ അനുഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ശബരിമല യുവതീപ്രവേശം റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ്. നേരിട്ടുള്ള ഭീഷണികൾക്കപ്പുറമാണ് സൈബർ ഇടങ്ങളിൽ നിന്നുമെത്തുന്ന ആക്രോശങ്ങൾ. പലതും സഹിക്കാവുന്നതിനുമപ്പുറമാണെന്നു പറയുന്നു ഇവർ. പുരുഷന്‍മാരായ രാഷ്ട്രീയനേതാക്കൻമാർക്കൊപ്പം സുഹാസിനിയുടെ ചിത്രങ്ങൾ ചേർത്തുവെച്ചു വരെ വ്യാജപ്രചാരണങ്ങൾ നടക്കുന്നു.
അന്ന് അവിടെ കൂടിയിരുന്ന ജനക്കൂട്ടം വിചാരിക്കാൻ സാധിക്കാത്തതിലുമപ്പുറം രോഷാകുലരായിരുന്നുവെന്നാണ് സംഭവത്തിനുശേഷം ഇതാദ്യമായി നല്‍കിയ അഭിമുഖത്തില്‍ ഓൺ മനോരമയോട് സുഹാസിനി പറഞ്ഞത്. ''അത് ഭയപ്പെടുത്തുന്ന ഒരന്തരീക്ഷമായിരുന്നു. അവരുടെ കയ്യിൽ കല്ലുകളുണ്ടായിരുന്നു. ഞാനവിടെ എത്തിയത് എന്‍റെ ജോലിയുടെ ഭാഗമായാണ്. വിശ്വാസികളെ പ്രകോപിതരാക്കാനല്ല. പക്ഷേ ജനക്കൂട്ടം എന്നെ പിന്തുടർന്നു. ആ ക്രൂരത കണ്ട് ഞാൻ തകർന്നു'', സുഹാസിനി പറഞ്ഞു.
തന്നെ ആക്രമിച്ച ആളുകൾ പോലും അയ്യപ്പന്‍റെ പേര് ആവർത്തിക്കുന്നുണ്ടായിരുന്നു. ശാരീരികമായും മാനസികമായും ആക്രമിക്കപ്പെട്ടുവെന്നും സുഹാസിനി കൂട്ടിച്ചേർത്തു. വിശ്വാസവും ഭരണഘടനാ അവകാശങ്ങളും തമ്മിലുള്ള പോരാട്ടമാണ് ശബരിമലയിൽ നടക്കുന്നത്. വിശ്വാസത്തെ സംരക്ഷിക്കാൻ ആളുകൾ ഈ അവകാശങ്ങളെ എതിർക്കുന്നു. വിരുദ്ധാശയങ്ങൾ തമ്മിലുള്ള സംഭാഷണം ഇവിടെ നടക്കുന്നില്ല. ജനാധിപത്യ രീതിയിലല്ല വിഷയത്തെ സമീപിക്കുന്നത്''.
തിരിച്ചുപോകുന്നത് വേദനയോടെയാണെങ്കിലും ഇനിയൊരു അവസരമൊത്താൽ കേരളത്തിലെത്തുമെന്നു പറയുന്നു സുഹാസിനി. മതവികാരം വ്രണപ്പെടുന്നുവെന്നു പറയുമ്പോൾ തന്നെ ഭരണഘടന പൗരൻമാർക്ക് ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അവർ കേരളീയരെ ഓർമിപ്പിക്കുന്നു.