hi-tech-school-gif

സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി സ്കൂളുകളും  ഹൈടെക്കാകുന്നു. ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ ഹൈടെക്കാക്കി മാറ്റിയതിന് പിന്നാലെയാണ് പ്രൈമറി സ്കൂളുകള്‍ കൂടി നവീകരിക്കാനുള്ള തീരുമാനം. ഇതിനായി മുന്നൂറ് കോടി രൂപയുടെ വിശദ പ്രൊജക്ട് റിപ്പോര്‍ട്ട്,  കേരള ഇന്‍ഫ്രാസ്ടെക്ച്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. 

 

ഒരു ഡിവിഷനില്‍ ശരാശരി ഏഴ് കുട്ടികളുള്ള മുഴുവന്‍ സ്കൂളുകളും പദ്ധതിക്ക് കീഴില്‍ വരും. ഓരോ സ്കൂളിനും രണ്ട് മുതല്‍ 20 ലാപ്ടോപ്പുക‍ള്‍ വരെ നല്‍കും. ഒപ്പം യുഎസ്ബി സ്പീക്കറുകളും പ്രൊജക്ടറുകളും പ്രിന്‍ററുകളും ലഭ്യമാക്കും. കൂടാതെ 42 ഇഞ്ച് എല്‍ഇഡി ടെലിവിഷനും.  ഇതിനായി ആകെ 65,177 ലാപ്ടോപ്പുകള്‍.  26549 പ്രൊജക്ടറുകള്‍.  5,644 പ്രിന്‍ററുകള്‍.  3248 െലിവിഷനുകള്‍ എന്നിവ വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാകും സ്കൂളുകളിലേയ്ക്ക് ഇവ വിന്യസിക്കുക. 

 

സര്‍വ്വേ നടത്തിയ ശേഷം അടച്ചുറപ്പുള്ളതും വൈദ്യുതീകരണം പൂര്‍ത്തിയായതുമായ സ്കൂളുകളെയാകും ആദ്യം നവീകരിക്കുക. അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലനവും ഇതിനൊപ്പം ഉറപ്പാക്കും.