rahul-easwar-new

ശബരിമലയിൽ പോരാട്ടത്തിന് തയാറെടുക്കുകയാണെന്ന് വ്യക്തമാക്കി അയ്യപ്പധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്ത്. ആശയ വിനിമയത്തിനായി അയ്യപ്പ ഭക്തര്‍ക്ക് വാക്കി ടോക്കി വിതരണം ചെയ്യുമെന്നും മുസ്‌‌ലിം, ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും കുറിപ്പില്‍ രാഹുല്‍ പറയുന്നു. നവംബര്‍ അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പ്രാർഥനായജ്ഞത്തിന്റെ ഭാഗമായി ഭക്തർക്ക് വാക്കിടോക്കികൾ വിതരണം ചെയ്യുമെന്നും ഇതിനായി പൊലീസിൽ നിന്ന് അനുമതി വാങ്ങുമെന്നും രാഹുൽ മനോരമന്യൂസ് ഡോട്ട് കോമിനോട് പിന്നീട് പറഞ്ഞു.

‘കഴിഞ്ഞ തവണയുണ്ടായ പാളിച്ചയ്ക്ക് പ്രധാന കാരണം ആശയവിനിമയത്തിന്റെ അഭാവമായിരുന്നു. ശബരിമല റെയ്ഞ്ചും കണക്ടിവിറ്റിയും വളരെ കുറവുള്ള ഒരു പ്രദേശമാണ്. വിവരങ്ങൾ പല സ്ഥലങ്ങളിലുമുണ്ടായിരുന്ന ഭക്തരിലേക്ക് എത്തിക്കുന്നതിൽ പാളിച്ചകൾ പറ്റി. ഇനി അത് ആവര്‍ത്തിക്കാതിരിക്കിനാണ് വാക്കിടോക്കികൾ നൽകാൻ തീരുമാനിച്ചത്. നിലയ്ക്കലിൽ അക്രമമുണ്ടായപ്പോൾ പൊലീസിനോട് പറഞ്ഞിരുന്നു, എന്നെ ഒന്ന് നിലയ്ക്കലിലേക്ക് വിടൂ, സ്ഥിതിഗതികൾ ശാന്തമാക്കിത്തരാം എന്ന്. പക്ഷേ അതുണ്ടായില്ല. മാത്രമല്ല, ഭക്തരുമായി ആശയവിനിമയത്തിനും സാധിച്ചില്ല. തെറ്റായ വാര്‍ത്തകളുൾപ്പെടെ പ്രചരിക്കുന്ന സാഹചര്യത്തിൽ വാക്കിടോക്കികൾ ഗുണം ചെയ്യും.

നിയമവശങ്ങളുൾപ്പെടെ പരിശോധിച്ച ശേഷമേ ഇവ വിതരണം ചെയ്യൂവെന്നും രാഹുല്‍ വിശദീകരിച്ചു. പ്രാർഥനായജ്ഞത്തിന്റെ മറ്റ് വിശദാംശങ്ങളുൾപ്പെടെ പൊലീസിനെ വിശദമായി അറിയിക്കും. നിയമപരമായി അംഗീകാരം ലഭിച്ച ശേഷമെ ബാക്കി കാര്യങ്ങൾ തീരുമാനിക്കൂവെന്നും രാഹുൽ പറഞ്ഞു.

വാക്കിടോക്കികളുമായി നിൽക്കുന്ന ചിത്രം രാഹുൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിനും പ്രഖ്യാപനത്തിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ട്രോളുകളും ഉയരുന്നുമുണ്ട്.