road

മണ്ഡലകാലം തുടങ്ങാന്‍ മൂന്നാഴ്ച മാത്രം ബാക്കിയിരിക്കേ കുമളി വഴി ശബരിമലയിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ എങ്ങുമെത്തിയില്ല. കൊട്ടാരക്കര–ദിണ്ഡിഗല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാറില്‍ റോഡ് ഉയര്‍ത്തുന്ന ജോലികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. രണ്ടുദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

ഈ വർഷം പലതവണയായി 36 ദിവസമാണ് വണ്ടിപ്പെരിയാറില്‍ ഗതാഗതം നിലച്ചത്.  ഒരു കിലോമീറ്റർ റോഡ് ഉയർത്തുന്ന ജോലികൾ ഒരു മാസം മുമ്പ് ആരംഭിച്ചു എങ്കിലും, പണികൾ എങ്ങും എത്തിയില്ല. ഇതോടെ ദേശീയ പാതയിൽ ഗതാഗതം നിരോധിക്കണ്ട അവസ്ഥയായി. എന്നാൽ നിരോധനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. 48 മണിക്കൂറിൽ പണികൾ പൂർത്തികരിക്കാനാവില്ല എന്ന് പ്രതിഷേധക്കാർ പറയുന്നു.

തമിഴ്നാട് കമ്പത്തു നിന്ന് കമ്പംമെട്ട് വഴിയാണ് ഇപ്പോൾ എല്ലാ വാഹനങ്ങളും തിരിച്ചു വിട്ടിരിക്കുന്നത്. റോഡ് നിർമാണത്തിൽ മെറ്റലിനു പകരം മണ്ണ് ഇടുന്നത് വീണ്ടും റോഡ് തകരാൻ കാരണമാകും എന്ന പരാതിയും ഉയർന്നു. ശബരിമല കാലത്തിന്  മുമ്പ് പണികൾ പൂർത്തിയായിയില്ലെങ്കില്‍ ഇതു വഴി എത്തുന്ന അയ്യപ്പ ഭക്തര്‍ പ്രതിസന്ധിയിലാകും.