dolly

ശാരീരിക അവശതമൂലം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് മല നടന്നുകയറാന്‍ പറ്റാത്തവർക്കുള്ള ഏക ആശ്രയമാണ് ഡോളി. മനുഷ്യൻ മനുഷ്യനെ ചുമക്കുന്ന ഈ പഴഞ്ചൻ രീതിക്ക് പതിറ്റാണ്ടുകളായി ശബരിമലയിൽ മാറ്റമില്ല 

ഊരും പേരും അറിയാത്ത ഭക്തർക്ക് പുണ്യദർശനം  ലഭിക്കാൻ തോളോട് തോൾ ചേർന്ന് ഏറ്റുവാങ്ങിയതാണ്  ഈ മുഴകൾ. മറ്റൊരർത്ഥത്തിൽ നിത്യവും ഈശ്വര സന്നിധിയിൽ എത്തിയിട്ടും മാറാത്ത ജീവിത പ്രാരാബ്ധങ്ങളാണ് ഈ മുഴച്ചു നിൽക്കുന്നത്...ഡോളി എന്നു വിളിച്ചാൽ ഏതെങ്കിലും ഒരു നാൽവർ സംഘം കുതിച്ചെത്തും. പണം കൊടുത്താൽ തീർത്ഥാടകൻ രാജാവിനെ പോലെ ഇരുന്നാൽ മതി. സ്വാമി അയ്യപ്പൻ റോഡിലൂടെ മഞ്ഞും മഴയും വെയിലും കടന്ന് സ്വാമിമാരെ പല്ലക്കിലെന്നപോൾ അയ്യപ്പ സന്നിധിയിൽ എത്തിക്കും... ഇടതടവില്ലാതെ പോകുന്ന ഈ മനുഷ്യവാഹനങ്ങൾ ചിലപ്പോൾ കാഴ്ചക്കാർക്ക് സങ്കടമുണ്ടാക്കും. മൂന്നര  കിലോമീറ്ററോളം ദൂരം കുത്തനെ കയറണം. ഒരേ കാൽവെപ്പ്, ഒരേ മനസ്, ഒരേ ഒരു ലക്ഷ്യം...തോളിൽ ഭരമേറി വേദന കഠിനമാകുമ്പോൾ തലയിലേറ്റും..വിശ്രമം ഏറെ ഇല്ലാത്ത യാത്ര

വണ്ടിപെരിയാറിലെ തോട്ടം തൊഴിലാളികളാണ് പമ്പയിലെ ഡോളിക്കാരിൽ ഏറെയും. മെച്ചപ്പെട്ട കൂലി തേടിയാണ് ഈ നാട്ടിലെത്തിയത്. 4200 രൂപയാണ് ഇന്ന് യാത്രാകൂലി.  ഇതിൽ 200രൂപ ദേവസ്വം ബോർഡിന് കൊടുക്കണം. ബാക്കി ഈ സാധു മനുഷ്യർ വീതിച്ചെടുക്കും. 400ഓളം ഡോളി തൊഴിലാളികൾ ഉണ്ടിവിടെ. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ഇപ്പോൾ വരുമാനം കുറവാണ്. അപ്പോഴും പാപഭാരം പേറുന്ന  ചിന്തകളില്ലാതെ പുണ്യഭൂമിയിലേക്കുള്ള യാത്ര തുടരുകയാണ് ഈ കഠിനജീവിതങ്ങൾ...