ജലഗതാഗതത്തിന് പുതിയ മുഖം നൽകി ആലപ്പുഴയിൽ 'ലക്ഷ്യ' ബോട്ടുകൾ സർവീസിന് ഒരുങ്ങി. ആധുനിക സൗകര്യങ്ങളോട് കൂടിയ 5 സ്റ്റീൽ ബോട്ടുകളാണ് ഇനി വേമ്പനാട്ടു കായലിൽ നീന്തുന്നത്. കുട്ടനാടിന്റെ ഗതാഗതം സുഗമമാക്കുന്ന സർക്കുലാർ സർവീസിനും തുടക്കമായി.
അത്യാധുനിക സംവിധാനങ്ങളോട് കൂടിയതാണ് ലക്ഷ്യബോട്ടുകൾ. മനോഹരമായ സീറ്റുകൾ, ശബ്ദവും വൈബ്രേഷനും കുറഞ്ഞ എൻജിൻ, മികച്ച സുരക്ഷാ ഉപകരണങ്ങൾ, അനുകൂല സാഹചര്യത്തിൽ മണിക്കൂറിൽ 16 കിലോമീറ്റർ വേഗത. ഇങ്ങനെ ലക്ഷ്യയ്ക്ക് പ്രത്യേകതകൾ ഏറെയാണ്.
കുപ്പപ്പുറം, കൈനകരി , കുട്ടമംഗലം, ചേന്നങ്കരി തുടങ്ങി കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെ ഒട്ടേറെ ആളുകൾക്ക് പ്രയോജനപ്പെടുന്ന സർക്കുലാർ സർവ്വീസിനും ഇതോടൊപ്പം തുടക്കമായി. കൈനകരി ജെട്ടികളിലെത്തുന്ന ബസ്സുകളുടെ സമയം അനുസരിച്ചാണ് ബോട്ടിന്റെയും സമയം ക്രമീകരിച്ചിരിക്കുന്നത്.